Sunday, May 5, 2024
spot_img

മഹാരാഷ്ട്രയിലുടനീളം എൻഡിഎ തരംഗം! തദ്ദേശ തെരഞ്ഞെടുപ്പിൽ 2,359 സീറ്റുകളിൽ 1,350 എണ്ണവും സ്വന്തമാക്കി എൻഡിഎ സഖ്യം ! ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ! കോൺഗ്രസ് അഞ്ചാമത് മാത്രം !

മഹാരാഷ്ട്രയിലുടനീളം എൻഡിഎ തരംഗം. തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ 2,359 സീറ്റുകളിൽ ഫലം പുറത്ത് വന്നതിൽ 1,350 എണ്ണവും ബിജെപി,ശിവസേന, എൻസിപിയുടെ അജിത് പവാർ വിഭാഗം എന്നിവരുൾപ്പെട്ട എൻഡിഎ സഖ്യം സ്വന്തമാക്കി. 74% പോളിങ് ആണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

എൻഡിഎ മുന്നണിയുടെ പടയോട്ടത്തിൽ മറുഭാഗത്ത് കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും താക്കറേയുടെ ശിവസേനയും ഉൾപ്പെട്ട മഹാ വികാസ് അഘാഡി മുന്നണിക്ക് കാൽ വഴുതി. ഇത്തവണ കോൺഗ്രസിന് 207 സീറ്റുകൾ മാത്രമാണ്‌ നേടാനായത്. തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പാർട്ടി മൂക്കും കുത്തി വീഴുകയും ചെയ്തു. പവാറിന്റെ പാർട്ടി പിളർത്തി പുറത്ത് പോയ എൻസിപി അജിത് പവാർ വിഭാഗം സീറ്റുകളുടെ എണ്ണത്തിൽ ബിജെപിക്കു പിന്നിൽ രണ്ടാമതെത്തി.

ശരദ് പവാറിന്റെ ശക്തി കേന്ദ്രമായ ബാരാമതിയിൽ പോലും പാർട്ടി തകർന്നടിഞ്ഞു.ഇവിടെയും കൂടുതൽ സീറ്റുകൾ അജിത് വിഭാഗത്തിന് ലഭിച്ചു. കഠേവാഡിയിൽ 16ൽ 14 സീറ്റിലും അജിത് വിഭാഗം വിജയിച്ചു. എൻസിപി ശരദ് പവാർ വിഭാഗം എംപി സുപ്രിയ സുലെയ്‌ക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് സ്ഥാനാർത്ഥിയെ നിർത്തിയേക്കുമെന്ന് അജിത് വിഭാഗം സൂചന നൽകുന്നതിനാൽ ബാരാമതിയിലെ ഫലങ്ങൾ നിർണ്ണായകമാണ്‌.

വെറും 178 ഗ്രാമങ്ങളിൽ മാത്രമാണ്‌ ശരദ് പവാറിന്റെ പാർട്ടിക്ക് ജയിക്കാനായത്. അതെ സമയം അജിത് പവാർ വിഭാഗം 412 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ചു. 743 ഗ്രാമപഞ്ചായത്തുകളിൽ ബിജെപി വിജയിച്ചപ്പോൾ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 263 പഞ്ചായത്തുകളിൽ വിജയിച്ചു. അടുത്തിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രവേശിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് 53 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ച് ഗംഭീരമായ അരങ്ങേറ്റം നടത്തി. ശിവസേനയുടെ ഷിൻഡെ ഗ്രൂപ്പ് 263 സീറ്റുകൾ നേടി.

ജനങ്ങളുടെ വിശ്വാസത്തിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ നന്ദി പറഞ്ഞു, വിജയം പൊതുജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമാണെന്ന് ഊന്നിപ്പറഞ്ഞു. ജനപിന്തുണ നേടിയ സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ അദ്ദേഹം എടുത്തുപറഞ്ഞു.

Related Articles

Latest Articles