Thursday, May 23, 2024
spot_img

നേപ്പാൾ സജീവ ഭൂകമ്പ മേഖല; ഇന്ത്യയേയും രൂക്ഷമായി ബാധിച്ചേക്കാം; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ദില്ലി: നേപ്പാളിൽ ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ലോകത്ത് അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്റ്റോണിക് സോണുകളിൽ ഒന്നാണ് നേപ്പാൾ. നേപ്പാളിലെ സെൻട്രൽ ബെൽറ്റ് അതിശക്തമായി ഊർജ്ജം പുറത്ത് വിടുന്ന മേഖലയായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സജ്ജരായിരിക്കണമെന്നും വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ മുൻ സീസ്‌മോളജിസ്റ്റ് അജയ് പോൾ മുന്നറിയിപ്പ് നൽകി.

നേപ്പാളിലെ ഡോട്ടി ജില്ലയോട് ചേർന്നുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നു എന്നതാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. കഴിഞ്ഞ മാസം മൂന്നാം തിയതി നേപ്പാളിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങളെല്ലാം ഈ പ്രദേശത്തിന് ചുറ്റുമാണ്. കഴിഞ്ഞ വർഷം നവംബറിൽ ഇവിടെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആറ് പേരാണ് അന്ന് അപകടത്തിൽ മരിച്ചത്.

ഏത് സമയവും ഭൂചലനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് ഹിമാലയൻ മേഖലയിലുള്ളതെന്ന് നിരവധി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു ഭൂചലനം എപ്പോഴുണ്ടാകും എന്ന് കൃത്യമായി പ്രവചിക്കുക സാധ്യമല്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്ലേറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് നീങ്ങുകയും, വടക്ക് ഭാഗത്തുള്ള യൂറോപ്യൻ പ്ലേറ്റുമായി ചേർന്ന് ഹിമാലയം രൂപപ്പെട്ടു എന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇന്ത്യൻ പ്ലേറ്റ് കൂടുതൽ മുന്നോട്ട് നീങ്ങാനായി യൂറോപ്യൻ പ്ലേറ്റിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇത്തരം സമ്മർദ്ദങ്ങൾ ഭൂചലനത്തിനും വഴിവയ്‌ക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Latest Articles