Saturday, May 4, 2024
spot_img

ആന്ധ്രയിൽ തകർത്താടി മഴ; ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ; 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

തിരുപ്പതി: കഴിഞ്ഞ മൂന്ന് ദിവസമായി ആന്ധ്രയിൽ (Heavy Rain In Andhra Pradesh) തകർത്ത് പെയ്യുകയാണ് മഴ. വൻ നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ ഉണ്ടായതായി റിപ്പോർട്ട്. രാമചന്ദ്രപുരത്ത് ചിറ്റൂരിലെ റായലയചെരുവു ജലസംഭരണിയിലാണ് വിള്ളൽ കണ്ടെത്തിയത്. അഞ്ഞൂറ് വർഷം പഴക്കമുള്ളതാണ് ജലസംഭരണി. ജലസംഭരണിയിൽ നാലിടങ്ങളിൽ ചോർച്ച ഉള്ളതായി കണ്ടെത്തി.

ഇതേതുടർന്ന് സംഭരണിക്ക് സമീപമുള്ള 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്ന് ജില്ലാകളക്ടർ ഹരിനാരായൺ വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും തിരുപ്പതിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ജലസംഭരണിയിൽ 0.9 ടിഎംസി വെള്ളമുണ്ടെന്നും സംഭരണശേഷി ഇത്രയധികം ഇല്ലാത്തതിനാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഭരണിയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ജില്ലാകളക്ടർ അഭ്യർത്ഥിച്ചു.

ഇതിനിടെ ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 39 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Related Articles

Latest Articles