Monday, May 6, 2024
spot_img

മെസ്സി ട്രാൻസ്ഫർ അഭ്യൂഹങ്ങളില്‍ പുതിയ വഴിത്തിരിവ്; താരം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയിലേക്കെന്ന് റിപ്പോർട്ട്

ബ്യൂണസ് ഐറിസ്‌ : അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങളില്‍ പുതിയ വഴിത്തിരിവ്. ബാഴ്‌സലോണയേയും അല്‍ ഹിലാലിനെയും പിന്തള്ളി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മിയാമി മെസ്സിക്ക് പുതിയ ഓഫര്‍ നല്‍കി എന്നുള്ള റിപ്പോർട്ടാണ് ഏറ്റവും അവസാനം പുറത്തുവന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ജേണലിസ്റ്റ് ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മുന്‍ ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് ഇന്റര്‍ മിയാമി. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് ക്ലബ് മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. നേരത്തെ സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്. നിലവിൽ സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ലയണൽ മെസ്സി.

അല്‍ ഹിലാലിനു പിന്നാലെ താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണയും മെസ്സിക്കായി രംഗത്തെത്തി. കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവും ഫുട്ബോള്‍ ഏജന്റുമായ യോര്‍ഗെ മെസ്സി ബാഴ്സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മെസ്സി ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസ്സി പ്രതികരിക്കുകയും ചെയ്തു.

Related Articles

Latest Articles