Sunday, May 26, 2024
spot_img

ചരിത്ര തീരുമാനം:”ഇനി കെ.എല്ലും, ടി.എൻ ഉം ഒന്നും ഇല്ല, ബിഎച്ച് മാത്രം”; വാഹന രജിസ്‌ട്രേഷന് പുതിയ സംവിധാനവുമായി കേന്ദ്രം; ഭാരത് സീരിസില്‍ രജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ദില്ലി: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന്‍ ഒഴിവാക്കാൻ ഏകീകൃത സംവിധാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച്-സീരീസിന്റെ പേരില്‍ നടത്തുന്ന രജിസ്‌ട്രേഷന്‍ വാഹനങ്ങളുടെ കൈമാറ്റം അനായാസമാക്കാനാണ്. ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച് സീരീസ് വാഹനങ്ങളുടെ വിജ്ഞാപനം ഇന്ത്യന്‍ സര്‍ക്കാര്‍ റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയത്. വാഹനം വാങ്ങിയ ആദ്യത്തെ വർഷത്തെ അവസാനത്തെ രണ്ടക്കങ്ങളും ഒപ്പം BH എന്ന വാക്കും ഉണ്ടായിരിക്കും.

എന്താണ് ഭാരത് സീരീസ്? അറിയാതെ പോകരുത്… ഈ ചരിത്ര പദ്ധതിയെക്കുറിച്ച്

ഇത് ഒരു നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പദ്ധതി അല്ല. നിലവില്‍, ഭാരത് സീരീസില്‍ നിങ്ങളുടെ വാഹനം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യമേഖല കമ്പനികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഭാരത് പരമ്പരയില്‍ ഒരു വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയാലും വാഹന ഉടമയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ ലഭിക്കേണ്ടതില്ല.

അതേസമയം സെപ്റ്റംബര്‍ 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ആണ് പുതിയ രജിസ്‌ട്രേഷന്‍ ആരംഭിക്കൂ. വാഹനം വാങ്ങുന്ന വ്യക്തിക്ക് വേണമെങ്കില്‍, അയാള്‍ക്ക് തന്റെ വാഹനത്തിന്റെ ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്കും ജീവനക്കാര്‍ക്കും ആയിരിക്കും ഇതിന്റെ പരമാവധി പ്രയോജനം.

എന്നാൽ ഇപ്പോള്‍ അവര്‍ തങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ വീണ്ടും വീണ്ടും പുതിയ സംസ്ഥാനത്തേക്ക് മാറ്റേണ്ടതില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പറയുന്നതനുസരിച്ച്, ഒരു വ്യക്തി തന്റെ വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുകയാണെങ്കില്‍, അയാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യണം. പുതിയ വിജ്ഞാപനം അനുസരിച്ച്, പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഭാരത് സീരിസിൽ നടത്തിയാല്‍ ഇത് ഒഴിവാക്കാം. ഇത് ഒരു പുതിയ വാഹന രജിസ്‌ട്രേഷൻ മാതൃകയാകുമെന്നാണ് വിലയിരുത്തൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles