Sunday, September 20, 2026

ആധികാരികം ആദ്യ ജയം !2023 ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ന്യൂസീലൻഡിന് 9 വിക്കറ്റിന്റെ തകർപ്പൻ ജയം ; ഡെവോൺ കോൺവെയ്ക്കും യുവതാരം രചിൻ രവീന്ദ്രയ്ക്കും സെഞ്ചുറി

അഹമ്മദാബാദ് : 2019 ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് ന്യൂസിലാൻഡ് ഉദ്‌ഘാടന മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനോട് പകരംവീട്ടി. 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡ് നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിനാണ് തോൽപ്പിച്ചത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം വെറും 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസീലന്‍ഡ് മറികടന്നത്. ഡെവോണ്‍ കോണ്‍വെയുടെയും യുവതാരം രചിന്‍ രവീന്ദ്രയയുടെയും വെടിക്കെട്ട് സെഞ്ചുറികളാണ് ന്യൂസീലന്‍ഡിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. രചിനും കോണ്‍വെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 273 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഒരു വിക്കറ്റെടുക്കുകയും സെഞ്ചുറി നേടുകയും ചെയ്ത രചിൻ തന്നെയാണ് മത്സരത്തിലെ താരം.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വില്‍ യങ്ങിനെ പുറത്താക്കി സാം കറന്‍ ന്യൂസീലന്‍ഡിന് തിരിച്ചടി നൽകിയെങ്കിലും പിന്നീട് ആ തുടക്കം അവർക്ക് മുതലാക്കാനായില്ല. നായകന്‍ കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ച ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും അപകടകാരിയായ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും ഒരുപോലെയാണ് ബാറ്റുവീശിയത്. 13-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയ കോണ്‍വെയും രചിനും അര്‍ധസെഞ്ചുറിയും നേടി.

26-ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്തുകൊണ്ട് കോണ്‍വെ സെഞ്ചുറി കുറിച്ചു. വെറും 83 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. 27 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. കോണ്‍വെയ്ക്ക് പിന്നാലെ രചിനും സെഞ്ചുറി നേടി. വെറും 82 പന്തുകളില്‍ നിന്നാണ് രചിന്റെ സെഞ്ചുറി പിറന്നത്. ഇതോടെ ലോകകപ്പിലെ ഒരു ന്യൂസീലന്‍ഡ് താരത്തിന്റെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡും രചിൻ സ്വന്തം പേരിലാക്കി. വെറും 23 വയസ്സ് മാത്രം മാത്രമാണ് രചിന്റെ പ്രായം. കോണ്‍വെ 121 പന്തുകളില്‍ നിന്ന് 19 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 152 റണ്‍സെടുത്തപ്പോൾ . രചിന്‍ 96 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 123 റണ്‍സെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 17 റണ്‍സെടുത്ത മലാനെ പുറത്താക്കി മാറ്റ് ഹെന്റി ന്യൂസിലാൻഡിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ബെയര്‍സ്‌റ്റോയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 33 റണ്‍സെടുത്ത താരത്തെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി.

നാലാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് 25 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ വന്ന മോയിന്‍ അലി 11 റണ്‍സുമായി മടങ്ങിയതോടെ ഇംഗ്ലണ്ട് 118 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

ആറാമനായി ക്രീസിലെത്തിയ നായകന്‍ ജോസ് ബട്‌ലര്‍, റൂട്ടിന് മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് കരകയറി.സ്‌കോര്‍ 188-ല്‍ വച്ച് 43 റണ്‍സെടുത്ത ബട്‌ലറെ മാറ്റ് ഹെന്റി പുറത്താക്കി. പിന്നാലെ വന്ന ലിയാം ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച് റൂട്ട് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ ലിവിങ്‌സ്റ്റണും നിരാശപ്പെടുത്തി. 20 റണ്‍സെടുത്ത താരത്തെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. പിന്നാലെ റൂട്ടും മടങ്ങി. ഇതോടെ ഇംഗ്ലണ്ട് തകര്‍ന്നു. 86 പന്തില്‍ 77 റണ്‍സെടുത്ത റൂട്ടിനെ ഗ്ലെന്‍ ഫിലിപ്‌സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

പിന്നാലെ വന്ന സാം കറന്‍ (14), ക്രിസ് വോക്‌സ് (11) എന്നിവരും പെട്ടെന്ന് മടങ്ങി. വാലറ്റത്ത് മാര്‍ക്ക് വുഡും ആദില്‍ റഷീദുംനടത്തിയ ചെറുത്ത് നിൽപ്പാണ് ടീം സ്‌കോര്‍ 280 കടത്തിയത്. വുഡ് 13 റണ്‍സെടുത്തു റഷീദ് 15 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. കിവീസിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റ് വീതം നേടി.

Related Articles

Latest Articles