Tuesday, April 30, 2024
spot_img

രാജ്യത്തെ ചുട്ടുചാമ്പലാക്കാനൊരുങ്ങിയ ഭീകരരുടെ പദ്ധതി പൊളിച്ചടുക്കി എൻഐഎ; ജമ്മു കശ്മീരിലും രാജസ്ഥാനിലും കണ്ടെടുത്തത് സുപ്രധാന രേഖകൾ

ദില്ലി: ജമ്മു കശ്മീരിലും രാജസ്ഥാനിലും എൻഐഎയുടെ മിന്നൽ പരിശോധന. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്ന രഹസ്യാന്വേഷണ ഏജസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് എൻഐഎ പരിശോധന നടത്തിയത്.

ലഷ്‌കർ ഇ-തോയ്ബ, ജെയിഷേ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ പിന്തുണയോടെ ആരംഭിച്ച റെസിസ്റ്റൻസ് ഫ്രണ്ട്, പിഎഎഫ്എഫ് എന്നീ വിഘടനവാദ ഗ്രൂപ്പുകളാണ് ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്തതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

എന്നാൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെ പിടികൂടുന്നതിനായാണ് എൻഐഎ റെയ്ഡ് നടത്തിയത്. കശ്മീരിലെ ആറ് ജില്ലകളിലായി എട്ട് സ്ഥലങ്ങളിലും രാജസ്ഥാനിലെ ജോധ്പൂരിലുമാണ് ഒരേ സമയം പരിശോധന നടത്തിയത്.

പരിശോധനയിൽ നിരവധി സുപ്രധാനരേഖകളും സിംകാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും, സ്റ്റോറേജ് ഡിവൈസുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കശ്മീരിലെ അതിർത്തി ജില്ലകളായ സോപോർ, കുപ്വാര, ഷോപ്പിയാൻ, രജൗരി, ബുഡ്ഗാൻ, ഗാൻഡെർബാൽ എന്നിവിടങ്ങളിലായിരുന്നു പരിശോധനയെന്ന് എൻഐഎ അറിയിച്ചു.

കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ദില്ലി അടക്കമുള്ള വൻനഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം നടത്തിയെന്നാണ് കേസ്.

അതേസമയം 2 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 28 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൻഐഎ ഇതുവരെയായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് കശ്മീരിലും രാജസ്ഥാനിലും നടന്ന പരിശോധകളെന്നാണ് പുറത്തുവരുന്ന സൂചന.

Related Articles

Latest Articles