മുനമ്പം: വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികൾക്ക് പിണറായി സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി. ക്രിസ്‌മസ് ആഘോഷങ്ങൾ ഒഴിവാക്കി നാളെ രാവിലെ 10 മുതൽ 5 വരെ നിരാഹാരമിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികൾ. കുടിയിറക്കൽ ഭീഷണി നേരിടുന്ന 600 ലധികം കുടുംബങ്ങളാണ് മാസങ്ങളായി സമര രംഗത്തുള്ളത്. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരേ മുനമ്പം സമരസമിതി ഇന്ന് നേരിൽക്കണ്ട് ചർച്ച നടത്തി. മുനമ്പം പ്രദേശം വഖഫ് ഭൂമിയല്ലെന്നും പ്രദേശവാസികൾക്കനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും കൂടിക്കാഴ്ചയിൽ സമരസമിതി ആവശ്യപ്പെട്ടു. ഈ പ്രദേശം മുഴുവൻ വഖഫ് ഭൂമിയാണെന്നും ഒഴിഞ്ഞുപകണമെന്നും ചൂണ്ടിക്കാട്ടി ഈ കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചിരുന്നു.
വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും കുടുംബങ്ങൾക്ക് അവരുടെ ഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ ഉപതെരെഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്ത് ഉറപ്പു നൽകിയിരുന്നു. എന്നാൽ പലതവണ പരീക്ഷിച്ചതുപോലെ മറ്റൊരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുകയല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ നടപടികൾ ഉണ്ടായില്ല. അതുകൊണ്ടുതന്നെ മുനമ്പം നിവാസികൾ സമരം തുടരുകയായിരുന്നു. ആരെയും കുടിയിറക്കാതെ വിഷയം രമ്യമായി പരിഹരിക്കാൻ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിരുന്ന മുസ്ലിം നേതാക്കൾ ഇപ്പോൾ മുനമ്പം പ്രദേശം വഖഫ് ഭൂമിതന്നെയെന്ന് നിലപാട് മാറ്റിയിരിക്കുകയാണ്.
വിവരങ്ങളും രേഖകളും ശേഖരിച്ചു വരികയാണെന്നും ജനുവരി നാലിന് മുനമ്പത്ത് ഹിയറിങ് ഉണ്ടാകുമെന്നും ജസ്റ്റിൻ രാമചന്ദ്രൻ നായർ അറിയിച്ചു. ഫെബ്രുവരിയോട് കൂടി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

