Saturday, May 18, 2024
spot_img

ഓഫീസുകള്‍ കയറിയിറങ്ങി കഷ്ടപ്പെടേണ്ട; കെട്ടിട നിര്‍മാണത്തിന് ഉടമ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ അനുമതി

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന പുതിയ പരിഷ്‌കാരം നിലവില്‍ വന്നു എന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കുകയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുടക്കമിടുന്നത്.ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

കെട്ടിടത്തിന്റെ അടിസ്ഥാനം പൂര്‍ത്തിയായിക്കഴിയുമ്ബോള്‍ സ്ഥല പരിശോധന നടത്തും. ഇതു വഴി നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും സാധിക്കും. എംപാനല്‍ഡ് ലൈസന്‍സികളാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിനായി പെര്‍മിറ്റുകള്‍ നിശ്ചിത ഫോമില്‍ ലൈസന്‍സികള്‍ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച്‌ തദ്ദേശഭരണ സ്ഥാപനത്തില്‍ പ്ലാനുകള്‍ ഉള്‍പ്പെടെ നല്‍കണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിര്‍മ്മാണത്തിന് പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും.അപേക്ഷ ലഭിച്ച്‌ അഞ്ച് ദിവസത്തിനുള്ളില്‍ സെക്രട്ടറി ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തുടര്‍ന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റില്‍ അപേക്ഷകന്‍ തന്നെ രേഖപ്പെടുത്തിയ തീയതിയില്‍ നിര്‍മ്മാണം ആരംഭിക്കാം.

സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസന്‍സികള്‍ നഗരകാര്യ വകുപ്പില്‍ നിശ്ചിത ഫീസ് അടച്ച്‌ എംപാനല്‍ ചെയ്തിരിക്കണം. നിര്‍മ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനല്‍ഡ് ലൈസന്‍സിക്കുമാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അത് കൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.കേരളത്തിലെ നഗരസഭകള്‍ ഒരു വര്‍ഷം ഏകദേശം 80,000 കെട്ടിട നിര്‍മ്മാണ അപേക്ഷയും, ഗ്രമപഞ്ചായത്തുകള്‍ ഒരു വര്‍ഷം ഏകദേശം 1,65,000 കെട്ടിട നിര്‍മ്മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം 2,00,000 കെട്ടിടങ്ങള്‍ക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെര്‍മിറ്റ് നല്‍കാന്‍ കഴിയുന്നവയാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles