Monday, April 29, 2024
spot_img

രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയില്ല; ബൂസ്റ്റര്‍ ഡോസ് ഇപ്പോൾ വേണ്ട; എയിംസ് ഡയറക്ടര്‍

ദില്ലി: രാജ്യത്ത് ഇപ്പോള്‍ കൊവിഡ് (Covid) വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നിര്‍മാണത്തെക്കുറിച്ചെഴുതിയ ‘ഗോയിംഗ് വൈറല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിന്‍ എല്ലാവര്‍ക്കുമെത്തിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും ഭീകരമായ ഒരു കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞ് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിവ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടാതിരുന്നാൽ കോവിഡ് കേസുകളിൽ ഇനി ഉണ്ടായേക്കാവുന്ന വർദ്ധനവ് രാജ്യത്തെമ്പാടും ഒരേ നിലയിലായിരിക്കില്ല എന്ന് സോണിപ്പത്തിലെ അശോക് സർവകലാശാലയിലെ ഭൗതികശാസ്ത്രം, ജീവശാസ്ത്രം വകുപ്പുകളിലെ അധ്യാപകനായ പ്രൊഫസർ ഗൗതം മേനോൻ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യയിൽ 7,579 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 543 ദിവസങ്ങൾക്കിടയിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് അന്നായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ 46 ദിവസങ്ങളിൽ പ്രതിദിന കേസുകളിൽ ഉണ്ടായ വർദ്ധനവ് 20,000 ത്തിൽ താഴെയാണ്.

Related Articles

Latest Articles