അഹമ്മദാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാക് പൗരന്മാരോ പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ല. കൊല്ലപ്പെട്ടത് ഭീകരര്‍ മാത്രമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകളാണ് വ്യോമസേന ലക്ഷ്യംവച്ചത്.ഭീകരക്യാമ്പ് തകര്‍ത്ത് അവര്‍ തിരിച്ചെത്തി.
ഒരു പാക് പൗരനേയോ പാക് സൈനികനെയോ ഉപദ്രവിക്കാതെ വ്യോമസേന ദൗത്യം നിര്‍വഹിച്ചു. പാക് പൗരന്മാരെയോ പാക് സൈനികരെയോ ഉപദ്രവിക്കരുതെന്ന നിര്‍ദ്ദേശം വ്യോമസേനയ്ക്ക് നല്‍കിയിരുന്നുവെന്ന് രാജ്യാന്തര സമൂഹത്തോട് നമുക്ക് പറയാന്‍ കഴിഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ മാത്രമാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍, മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ വിമര്‍ശനം ഉന്നയിച്ചു.
40 സിആര്‍പിഎഫ് ജവാന്മാര്‍; വീരമൃത്യു വരിക്കാന്‍ ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ഫെബ്രുവരി 26നാണ് ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പരിശീലന ക്യാമ്പുകള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയത്.

