Saturday, October 24, 2026

“ഞാൻ ഇന്ത്യയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നത് രഹസ്യമല്ല”: പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചതിനെക്കുറിച്ച് ബ്രെറ്റ് ലീ

ജൊഹന്നാസ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് പങ്കുവച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് തനിക്ക് ലഭിച്ച കത്തിന്റെ ചിത്രമാണ് താരം തന്റെ ട്വിറ്ററിൽ പങ്കുവച്ചത്.

ബ്രെറ്റ് ലീയുടെ ട്വീറ്റ് ഇങ്ങനെ:

“ഞാൻ ഇന്ത്യയെയും അതിലെ ജനങ്ങളെയും എത്രമാത്രം സ്നേഹിക്കുന്നുവെന്നത് രഹസ്യമല്ല, ഈ മനോഹരമായ രാജ്യം ആസ്വദിക്കാനും, ഇത്രയും വർഷം ചെലവഴിക്കാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷമുണ്ട്,” എന്നാണ് താരം കുറിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി താരത്തിന് കത്തയച്ചത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഇന്ത്യന്‍ സംസ്കാരം പിന്തുടരുന്നവരുമായ കുറച്ചുപേര്‍ക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചിട്ടുള്ളത്. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സീനും മോദി കത്തയച്ചിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ജോണ്ടി പ്രധാനമന്ത്രിയുടെ കത്ത് ഷെയർ ചെയ്തത്. തന്റെ മകൾക്ക് ഇന്ത്യ എന്ന് പേരിട്ട ജോണ്ടി റോഡ്സും ഇന്ത്യയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മോദി കത്തിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും ആഘോഷങ്ങളുടെയും കടുത്ത ആരാധകനായ ജോണ്ടി രാജ്യം അടിക്കടി സന്ദര്‍ശിക്കാറുണ്ട്. 2015ല്‍ ഒരു സകുടുംബ സന്ദര്‍ശന വേളയിലാണ് ഭാര്യ മെലാനി, മുംബൈയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇന്ത്യയില്‍ വച്ച് ജനിച്ചതിനാല്‍ ജോണ്ടി മകള്‍ക്ക് ഇന്ത്യയെന്ന് പേരിടുകയായിരുന്നു. ജോണ്ടിയുടെ ട്വീറ്റ് വായിക്കാം. ഇതിനുപുറമെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനും മോദിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. ഗെയിലും ഇന്ത്യയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.

Related Articles

Latest Articles