Saturday, May 4, 2024
spot_img

നിയമങ്ങൾക്കും ചട്ടങ്ങൾക്കും പുല്ലുവില നൽകരുത്‌ ! ഇത് പുതിയ ഭാരതം നൽകുന്ന പാഠം

നോയിഡ: മരട് മോഡൽ നിയന്ത്രിത സ്ഫോടനത്തിലൂടെ കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ച് ഉത്തർപ്രദേശിലെ നോയിഡ നഗരസഭ. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം സുപ്രീം കോടതി വിധിയെ തുടർന്നാണ് സൂപ്പർ ടെക്കിന്റെ ഈ ഫ്‌ളാറ്റ് സമുച്ചയവും ഇന്നുച്ചയ്ക്ക് 02.30 ന് ഇമ്പ്ലോഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊളിച്ചത്. 400 കോടി രൂപ നിർമ്മാണ ചെലവ് വന്ന കെട്ടിടത്തിന് രണ്ട് ടവറുകളിലായി 40 നിലകളും 900 ഫ്ളാറ്റുകളുമുണ്ടായിരുന്നു. ഇന്ത്യയിൽ ഈ രീതിയിൽ പൊളിക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു ഇത്. 3700 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിയന്ത്രിത സ്‌ഫോടനത്തിന് ഉപയോഗിച്ചത്. 20 കോടി രൂപയാണ് കെട്ടിടം പൊളിക്കാനായി വന്ന ചെലവ്.

വിപുലമായ ഒരുക്കങ്ങളും നിയന്ത്രണങ്ങളുമാണ് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്നത്. മേഖലയൊന്നാകെ ഒഴിപ്പിച്ചിരുന്നു. ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്‌സുമടക്കം വിപുലമായ രക്ഷാ ദൗത്യ സംഘവും നിലയുറപ്പിച്ചിരുന്നു. സ്‌ഫോടനങ്ങൾക്ക് ശേഷം സ്ഥലത്ത് വിപുലമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊടി പടലങ്ങളും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്കും അൽപ്പ സമയത്തിനുള്ളിൽ തുടക്കമാകും.

നിർമ്മാണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയാണ് കെട്ടിടങ്ങൾ പണിതതെന്ന് സുപ്രീംകോടതി ഒരു വർഷം മുമ്പ് വിലയിരുത്തിയാണ് പൊളിച്ചു കളയാനുള്ള വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കോടതി മൂന്നു മാസത്തിനകം പൊളിക്കണമെന്ന ഉത്തരവിട്ടത്. 14 ടവറുകളിലായി 9 നിലകൾ പണിയാനായിരുന്നു അനുമതി. പക്ഷെ 2 ടവറുകളിലായി 40 നിലകളാണ് സൂപ്പെർട്ടക്‌ പടുത്തുയർത്തിയത്. 9 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കും വിധിക്ക് ശേഷം ഒരു വർഷം നീണ്ട സാങ്കേതിക തടസ്സങ്ങൾക്കും ശേഷമാണ് ഇന്ന് കുത്തബ് മീനാറിനെക്കാളും ഉയരമുള്ള ഈ അംബര ചുംബികൾ തകർന്ന് വീണത്. പൊളിക്കൽ വിജയകരമാണെന്ന് ഈ ഘട്ടത്തിൽ വിലയിരുത്താമെങ്കിലും വിശദമായ പരിശോധനകൾ നടന്നുവരികയാണ്. ഏതാണ്ട് 80000 ടൺ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മൂന്നു മാസം സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അവശിഷ്ടങ്ങൾ മാറ്റാനായി ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലവും ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles