Friday, May 17, 2024
spot_img

ഇനി കരയിലും കടലിലും ആകാശത്തും ഇന്ത്യയും അമേരിക്കയും കൈകോർത്ത് നീങ്ങും !!

കടൽ മുതൽ ആകാശം വരെയും പൗരാണികത മുതൽ നിർമിതബുദ്ധി വരെയുമുള്ള കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ യുഎസ് സ്‌റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങൾക്ക് മുമ്പാകെ സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു നരേന്ദ്രമോദി. ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎ ജനാധിപത്യമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ജനാധിപത്യം ഇന്ത്യയുടെ വികാരമാണ്. ജനാധിപത്യ ഇന്ത്യയിൽ ജാതി, മത, വർണ, ലിംഗ വ്യത്യാസമില്ലെന്നും ഇന്ത്യയുടെ ആത്മാവും ശ്വാസവുമാണ് ജനാധിപത്യമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. അതേസമയം, യാതൊരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അതിനാലാണ് സബ്കാ സാത്ത് സബ്കാ വിശ്വാസ് സബ്കാ പ്രയാസ് എന്ന വീക്ഷണത്തിൽ ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മോദിയുടെ ഈ മറുപടി.

അതേസമയം, ഇന്ത്യയും അമേരിക്കയും പരസ്പര ധാരണകളോടെ സമഗ്ര മേഖലകളിലും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരുരാഷ്‌ട്രത്തലവന്മാരും അറിയിച്ചു. അമേരിക്ക-ഇന്ത്യ വാണിജ്യ ബന്ധം 191 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ഇരട്ടിയായി മാറി. സാങ്കേതിക മേഖലകളിൽ ഒന്നിച്ച് പ്രവർത്തിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും ബൈഡനും മോദിയും വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൈറ്റ് ഹൗസില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. വൈറ്റ് ഹൗസില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. മോദിയെ സ്വീകരിക്കുവനായി വൈറ്റ് ഹൗസിലെ ലോണില്‍ നിരവധി ഇന്ത്യക്കാര്‍ കാത്ത് നിന്നിരുന്നു. മോദി, മോദി വിളികളോടെയാണ് നരേന്ദ്രമോദിയെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്. അതേസമയം ഇത്രയും പേരെ ഒരുമിച്ച് വൈറ്റ് ഹൗസിന്റെ ലോണില്‍ പ്രവേശിപ്പിക്കുന്നത് ആദ്യമായിട്ടാണ്. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും ഇത് വലിയ ബഹുമതിയാണെന്ന് മോദി വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് 140 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രസിഡന്റ് ജോ ബൈഡനും ജില്‍ ബൈഡനും നന്ദി അറിയിക്കുന്നതായും നരേന്ദ്രമോദി വ്യക്തമാക്കി.

Related Articles

Latest Articles