ദില്ലി: സ്ത്രീധനത്തെ മഹത്വവൽക്കരിച്ച നഴ്സിങ് പാഠപുസ്‌കത്തിനെതിരേ നടപടിയാവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലും ദേശീയ വനിതാ കമ്മിഷനും. ചെന്നൈയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ മുന്‍ അധ്യാപിക ടി.കെ. ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്സസ്’ എന്ന പുസ്തകത്തിലെ മെറിറ്റ്സ് ആന്‍ഡ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ ആരോഗ്യമന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിനും കത്തയച്ചു. പാഠഭാഗം പിന്‍വലിക്കണമെന്ന് നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശിച്ചു. പുസ്തകത്തിന്റെ കവര്‍ പേജില്‍ കൗണ്‍സിലിന്റെ പേര് ഉപയോഗിച്ചതിനെതിരേ പുസ്തകപ്രസാധകര്‍, എഴുത്തുകാരി എന്നിവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പാഠ്യപദ്ധതി മാത്രമാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. പ്രസാധകരെയോ എഴുത്തുകാരെയോ നിര്‍ദേശിക്കുന്നില്ല. നഴ്സിങ് കോളേജുകള്‍ക്ക് പുസ്തകങ്ങള്‍ നിര്‍ദേശിക്കുന്ന സംസ്ഥാന നഴ്സസ് രജിസ്ട്രേഷന്‍ കൗണ്‍സില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടരണമെന്നും കൗണ്‍സില്‍ നിർദ്ദേശിക്കുകയും ചെയ്തു.

