മുംബൈ: താനുൾപ്പെടെയുള്ള ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വവും മോദി സർക്കാരിന്റെ ചടുല നീക്കങ്ങളുമെന്ന് ബോളിവുഡ് നടി നുസ്രത് ബറൂച്ച. പ്രധാനമന്ത്രിയെ നേരിൽക്കണ്ട് നന്ദി അറിയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി. സമൂഹമദ്ധ്യമങ്ങളിൽ മോദിയുമൊത്തുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
ഈ കൂടിക്കാഴ്ച ജീവിതകാലം മുഴുവൻ ഓർമിക്കാനും അഭിമാനിക്കാനും ഉള്ളതാണ്. യുദ്ധകാലത്ത് ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ അങ്ങയുടെ സർക്കാർ കാട്ടിയ ജാഗ്രത അനേകർക്ക് പുതുജീവൻ നൽകിയെന്നും നേരിൽക്കണ്ട് നന്ദിയറിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അവർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
വലിയ ആശങ്കയുള്ള ദിനങ്ങളായിരുന്നുവെന്നും സമയത്തിന് താങ്കളുടെ സന്ദേശം കിട്ടിയത് നന്നായെന്നും പ്രധാനമന്ത്രി മോദി നുസ്രത് പങ്കുവച്ച വീഡിയോയിൽ പറയുന്നത് കേൾക്കാം. നുസ്രത് തൊഴുകൈകളോടെ നന്ദി പറയുന്നതും വീഡിയോയിലുണ്ട്. 2023 ൽ ഇസ്രയേലും ഹമാസും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ ടെൽ അവീവിൽ നുസ്രത്തും സംഘവും കുടുങ്ങുകയായിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരാണ് സംഘത്തെ രക്ഷിച്ചത്.

