Monday, May 6, 2024
spot_img

ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണം; വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീംകോടതി

ദില്ലി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യത്തിൽ വ്യക്തത തേടി സുപ്രിംകോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര, വോട്ടിങ് മെഷീൻ സീൽ ചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ഡാറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്.

അതേസമയം, ഇലക്ട്രോണക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

Related Articles

Latest Articles