Saturday, October 17, 2026

വന്ദേമാതരത്തിന് ഇനി ഔദ്യോഗിക പ്രോട്ടോക്കോൾ: ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണമെന്ന് കേന്ദ്ര നിർദ്ദേശം; സിനിമാ തിയേറ്ററുകൾക്ക് ഇളവ്

ദേശീയ ഗീതമായ വന്ദേമാതരത്തിന് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് സമാനമായ രീതിയിൽ വന്ദേമാതരത്തിനും കൃത്യമായ പ്രോട്ടോക്കോൾ നിശ്ചയിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ആറ് ചരണങ്ങളുള്ള, ഏകദേശം 3 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ഇനി മുതൽ ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ ആലപിക്കണം. ദേശീയ പതാക ഉയർത്തുമ്പോഴും രാഷ്ട്രപതിയുടെയോ ഗവർണർമാരുടെയോ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ചടങ്ങിൽ ദേശീയ ഗാനവും ദേശീയ ഗീതവും ആലപിക്കുന്നുണ്ടെങ്കിൽ, ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരം ആലപിക്കണമെന്നും ആ സമയത്ത് സദസ്സിലുള്ളവർ ആദരസൂചകമായി എഴുന്നേറ്റു നിൽക്കണമെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സ്കൂൾ അസംബ്ലികളിലും മറ്റു സുപ്രധാന ആഘോഷങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികളിൽ ദേശീയത വളർത്താൻ ഇത് സഹായിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ സിനിമാ തിയേറ്ററുകളിൽ സിനിമയുടെ ഭാഗമായി വന്ദേമാതരം പ്ലേ ചെയ്യുമ്പോൾ കാണികൾ എഴുന്നേറ്റു നിൽക്കേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിനോദവേളകളിൽ കാണികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, ദേശീയ ഗീതത്തിന്റെ ആദരവും പദവിയും ഉറപ്പുവരുത്താനാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം.

Related Articles

Latest Articles