Friday, April 26, 2024
spot_img

ഒടുവിൽ മോചനം !നൈജീരിയയിൽ തടവിലായിരുന്ന എണ്ണക്കപ്പലിനെയും നാവികരെയും മോചിപ്പിച്ചു; കപ്പലിൽ 3 മലയാളികൾ അടക്കം 16 ഇന്ത്യക്കാർ

കൊച്ചി : ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയൻ സേന തടവിലാക്കിയിരുന്ന എണ്ണക്കപ്പൽ എം.ടി.ഹീറോയിക് ഇഡുനുവിനെയും നാവികരെയും മോചിപ്പിച്ചു. കപ്പലും നാവികരും നൈജീരിയയിലെ ബോണി തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ചു. കപ്പലിൽ മൂന്നു മലയാളികൾ അടക്കം 16 ഇന്ത്യക്കാരും .ശ്രീലങ്ക, പോളണ്ട്‌, ഫിലിപ്പീൻസ്‌ സ്വദേശികളായ 10 പേരുമടക്കം 26 പേരാണ് കപ്പലിലുള്ളത്‌.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ജീവനക്കാർക്ക് പാസ്‍പോർട്ട് തിരികെ ലഭിച്ചത്. അതിനു മുൻപ് തന്നെ കപ്പലിന്റെ മോചനം സാധ്യമായിരുന്നു. പാസ്‍‌പോർട്ട് ലഭിച്ചതോടെയാണ് നൈജീരിയയിലെ ബോണി തുറമുഖത്തുനിന്ന് നൈജീരിയൻ സമയം പുലർച്ചെ കപ്പൽ യാത്ര ആരംഭിച്ചത്. ദക്ഷിണാഫ്രിക്കയിലേക്കാണ് ഇവരുടെ യാത്ര.

പത്തു ദിവസമെടുത്താകും ദക്ഷിണാഫ്രിക്കയിലെത്തുക. അതിന് ശേഷമാകും നാട്ടിലേക്കുള്ള മടക്കം. ചീഫ് ഓഫിസർ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസർ കൊല്ലം നിലമേൽ സ്വദേശി വി.വിജിത്, കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് കപ്പലിലെ മലയാളി ജീവനക്കാർ. രണ്ടാഴ്ചയ്ക്കകം നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി ജീവനക്കാർ പുറത്ത് വിട്ട വീഡിയോയിലൂടെ പറഞ്ഞു.

പത്തുമാസം മുൻപാണ് നൈജീരിയൻ സേന കപ്പലിനെയും ജീവനക്കാരെയും തടവിലാക്കിയത്. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നൈജീരിയൻ കോടതി, ജീവനക്കാർ കുറ്റക്കാരല്ലെന്നും കപ്പൽ മോചിപ്പിക്കാമെന്നും ഉത്തരവിട്ടത്.

Related Articles

Latest Articles