Thursday, May 2, 2024
spot_img

ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രം! ഇന്ത്യൻ ടീമിലെ നിലവിലെ അവസ്ഥ തുറന്ന് പറഞ്ഞ് ആർ.അശ്വിൻ

ചെന്നൈ : ടെസ്റ്റ് ബൗളർമാരുടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിട്ടും ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ കഴിയാത്തതോടെ അതിന്റെ നിരാശ നേരത്തെ തന്നെ അശ്വിൻ പ്രകടിപ്പിച്ചതാണ്. ഇത്തരം സാഹചര്യങ്ങളിൽ കുടുംബത്തെ കൂടാതെ സൂഹൃത്തുക്കളുടെ പിന്തുണയും താരങ്ങൾക്ക് ആവശ്യമാണ്. എന്നാൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഇന്നത്തെ സങ്കടകരമായ യാഥാർഥ്യം താരം വെളിപ്പെടുത്തിയത്.

ഓവലിൽ നടന്ന ഫൈനലിൽ പേസിനെ പിന്തുണയ്ക്കും എന്ന് കരുതിയ പിച്ചിൽ പേസർ ഉമേഷ് യാദവിനെ ലീമിലുൾപ്പെടുത്തിയതോടയാണ് അശ്വിനു സ്ഥാനം നഷ്ടമായത്. എന്നാൽ ഇത് പാളിയതോടെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും വിമർശനം നേരിടേണ്ടി വന്നു. ടീമിന് ഓസീസിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു. ടീമിൽനിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഹതാരങ്ങളുമായി സംസാരിച്ചിരുന്നോ എന്ന് ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോഴാണ് അശ്വിൻ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.

“എല്ലാവരും സഹപ്രവർത്തകരായ ഒരു കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രമാണ്. ഇതു തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിതാഴ്ത്തി സ്വയം മുന്നേറാനും മുന്നോട്ട് കുതിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാൽ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല. വാസ്തവത്തിൽ, കാര്യങ്ങൾ പരസ്പരം പങ്കുവച്ചാൽ ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റൊരാളുടെ ടെക്നിക്കുകൾ ഉൾപ്പെടെ മനസ്സിലാക്കിയാൽ നമ്മൾ കൂടുതൽ മെച്ചപ്പെടും. പക്ഷേ അതൊന്നും ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. നിങ്ങളുടെ സഹായത്തിനായി ആരും വരില്ല. ഇതൊരു ഒറ്റപ്പെട്ട യാത്രയാണ്.’’ അശ്വിൻ പറഞ്ഞു.

Related Articles

Latest Articles