Monday, April 29, 2024
spot_img

ധീരജ് രാജേന്ദ്രന്റെ കൊലപാതകം: കെഎസ്‍യു യൂണിറ്റ് സെക്രട്ടറി അറസ്റ്റിൽ

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമാണ് അലക്സ്.

കൊലപാതകത്തിൽ അലക്സിനു പങ്കുണ്ടെന്നാണ് വിവരം. എന്നാൽ നേരിട്ട് പങ്കായിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിനു പിന്നാലെ അലക്സ് കോളജിൽ നിന്ന് മുങ്ങി വീട്ടിലേക്ക് പോയിരുന്നു.

അതേസമയം സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മാത്രമല്ല കോളജിലെത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖിൽ പൈലി പൊലീസിന് മൊഴി നൽകി. പേനാ കത്തി സ്വയ രക്ഷയ്ക്ക് കരുതിയതാണെന്നാണ് മൊഴി.

അതേസമയം ധീരജിന്റെ കൊലപാതകത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ധീരജിന്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ധീരജിന്‍റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. തുടർന്ന് സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് അഞ്ച് മണിയോടെ വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. ക്രിസ്മസ് അവധി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങിയ മകൻ്റെ വിയോഗ വാർത്ത താങ്ങാനാകാതെ വിതുമ്പിക്കരയുകയാണ് മാതാപിതാക്കൾ.

തളിപ്പറമ്പ് പട്ടപ്പാറ പൊതുശ്മശാനത്തിലാണ് സംസ്കാരം തൃച്ചംബരത്ത് ധീരജിന്റെ വീടിനോട് ചേർന്ന് സിപിഎം വിലയ്ക്ക് വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍ ധീരജിന്റെ ഓര്‍മയ്ക്കായി സ്മാരകം പണിയും. വൈകിട്ട് നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.

Related Articles

Latest Articles