നാല്പത്തിരണ്ടാമതു ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ആരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്ര തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ മ്പൂതിരിപ്പാട്, ഗുരുവായൂരപ്പനെപറ്റിയുള്ള ഒമ്പത് ഗാനങ്ങൾ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററിനു നൽകി. പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ വയലാർ മാധവൻകുട്ടിയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. 42-ാമതു സത്ര നിർവ്വഹണ സമിതി ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ, സെക്രട്ടറി പത്മനാഭൻ നായർ, സത്രനിർവ്വഹണസമിതി ജനറൽ കൺവീനർ ഗോപകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
മാർച്ച് 20 ന് ഗുരുവായൂർ നടയിൽ നിന്നും ഗുരുവായൂരപ്പന്റെ തങ്ക വിഗ്രഹം എഴുന്നെള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഏപ്രിൽ 3 ന് കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ എത്തുന്നതോടെ ഭാഗവത മഹാസത്രം ആരംഭിക്കും.
ഈ വർഷത്തെ ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഉദ്ഘാടന ദിവസം പതിനാറായിരത്തെട്ട് ഗോപികമാരുടെ “ഗോപികാസംഗമം” പരിപാടി ഉണ്ടായിരിക്കും . തുടർന്ന് ഏപ്രിൽ 14 വിഷു ദിനം വരെ പ്രസിദ്ധരായ പ്രഭാഷകരും ആചാര്യൻമാരും പ്രഗത്ഭ വ്യക്തികളും പങ്കെടുക്കുന്ന വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മഹാസത്രം ഇത്തവണ ഏറെ പുതുമകളോടെയും വമ്പിച്ച ഭക്തജന പങ്കാളിത്തത്തോടെയുമാണ് നടത്തുന്നതെന്ന് സത്ര നിർവ്വഹണസമിതി ചെയർമാൻ പി.എസ്. ശ്രീകുമാർ, ശ്രീമദ് ഭാഗവതസത്ര സമിതി ജനറൽ സെക്രട്ടറി പത്മനാഭൻ നായർ എന്നിവർ പ്രസ്താവിച്ചു.

