Monday, April 29, 2024
spot_img

‘കണ്ണുനീറുന്നത്’ കുറയും ; ഉള്ളിക്കും സവാളയ്ക്കും വില കുറയുന്നു

കൊച്ചി: അടുക്കള ബഡ്‌ജറ്റിനെ താളംതെറ്റിച്ച് കുതിച്ചുയര്‍ന്ന ഉള്ളി, സവാളവില താഴോട്ട് . രാജ്യത്തെ പ്രമുഖ ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണം ഉയര്‍ന്നതാണ് വില താഴാന്‍ കാരണം.

രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഹോള്‍സെയില്‍ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്‌ന്നു. ഡിസംബര്‍ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വല്യ തോതിൽ വിളവ് നശിച്ചതാണ് വില കുതിച്ചുകയറാൻ കാരണം. കിലോയ്ക്ക് 200 രൂപവരെയായിരുന്നു രാജ്യത്തിന്റെ പലഭാഗങ്ങളിലും ഏതാനും നാളുകള്‍ക്ക് വിലനിലവാരം .
മഴ ശമിച്ച്‌, ഉത്പാദനം വീണ്ടും മെച്ചപ്പെട്ടതോടെ വില കുറയുകയാണ്. ഇന്നലെ റീട്ടെയില്‍ വില 80 മുതല്‍ 140 രൂപവരെയായി താഴ്‌ന്നു. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇന്നലെ വില്‌പന 100-120 രൂപ നിരക്കിലായിരുന്നു. വരും നാളുകളില്‍ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസല്‍ഗാവിലെ വ്യാപാരികള്‍ പറയുന്നത്. ഇത്, റീട്ടെയില്‍ വില കേരളത്തില്‍ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താന്‍ സഹായകമാകും.

Related Articles

Latest Articles