വികസന പാതയിൽ കേരളത്തെ നയിക്കാനുള്ള മോദി സർക്കാരിന്റെ ദൗത്യത്തിൽ പങ്കുചേരാൻ ട്വന്റി ട്വന്റിയും. എൻഡിഎയുടെ ഭാഗമാകുവാനുള്ള നിർണ്ണായക തീരുമാനം പാർട്ടി കൈക്കൊണ്ടത് ഈ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിൽ പുരോഗമനവും മാറ്റവും വരുത്താനാണെന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പാർട്ടി വ്യക്തമാക്കി.വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ച് പ്രധാ നമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ട്വന്റി ട്വന്റി പാർട്ടി ഔദ്യോഗികമായി എൻ ഡി എയുടെ
ഭാഗമാകും.
“കേരളത്തിൽ വികസനം ഉറപ്പാക്കാനും, കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനും പ്രൊഫഷണ ഭരണ സംവിധാനത്തിന് മാത്രമേ കഴിയൂ എന്നതാണ് ട്വന്റി ട്വന്റിയുടെ നിലപാട്. അതുകൊണ്ടാണ് വികസനമെന്ന മുദ്രാവാക്യം ഉയർത്തി പ്രവർത്തിക്കുന്ന എൻഡിഎയുടെ ഭാഗമാകാൻ ട്വന്റി ട്വന്റി തീരുമാനിച്ചത്. ദേശീയ തലത്തിൽ മോദി സർക്കാർ നടപ്പാക്കുന്ന വികസന കുതിപ്പിന്റെ ഭാഗമായി കേരളം മാറണമെങ്കിൽ എൻഡിഎ കേരളത്തിൽ അധികാരത്തിൽ വരണം.
മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടിനു സമാനമാണ് ട്വന്റി ട്വന്റിയുടെ വികസന നയം. കേരളത്തിന്റെ സമഗ്ര വികസനം, കാര്യക്ഷമമായ ഭരണ സംവിധാനം, യുവാക്കൾക്ക് തൊഴിൽ, മികച്ച നിക്ഷേപ അന്തരീക്ഷം, അടിസ്ഥാന സൗകര്യവികസനം എന്നിവയാണ് ട്വന്റി ട്വന്റി എന്നും ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങൾ. സാമ്പത്തിക സുരക്ഷ, ജീവിത സുരക്ഷ, യുവാക്കളുടെ അവസരങ്ങൾക്ക് സുരക്ഷ ഇതാണ് കേരളത്തിന്റെ വികസനത്തിന് വേണ്ടത്. ഇത് നൽകാൻ പ്രതിജ്ഞാബദ്ധമാണ് എന്ന സന്ദേശം കൂടിയാണ്, എൻഡിഎ പ്രവേശനത്തി ലൂടെ കേരളത്തിന് ട്വന്റി ട്വന്റി വാഗ്ദാനം ചെയ്യുന്നത്.
സുതാര്യമായ ഭരണവും വേഗത്തിലുള്ള തീരുമാനങ്ങളുമാണ് ട്വന്റി ട്വൻറി മോഡലിന്റെ പ്രത്യേകത. കേവലം 10 വർഷത്തിനുള്ളിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് പാർട്ടി കാഴ്ചവച്ചിട്ടുള്ളത്. നാലു പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി ട്വന്റി പാർട്ടി, 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 8 മണ്ഡലങ്ങളിലായി 15.5% വോട്ടും, 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലായി 11% വോട്ടും, കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 818 വാർഡുകളി ൽ മത്സരിച്ച് 12% വോട്ടും നേടി. “- വാർത്താക്കുറിപ്പിൽ പറയുന്നു.

