Friday, May 10, 2024
spot_img

ഉത്തരവിറങ്ങി മിനിട്ടുകൾ മാത്രം !ഗവർണറുടെയും കേരളാ രാജ്ഭവന്റെയും സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ് !

തിരുവനന്തപുരം : കേരളാ രാജ്ഭവനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സിആർപിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതായുള്ള കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്ത് വന്ന് മിനിട്ടുകൾക്കകം സിആര്‍പിഎഫ് ആദ്യ സംഘം സുരക്ഷാ ചുമതല ഏറ്റെടുത്തു. മുഴുവൻ സുരക്ഷാ സന്നാഹങ്ങളും നാളെത്തന്നെ എത്തിച്ചേരും. ഇന്ന് ഗവർണർക്കെതിരെ നിലമേലിൽ നടന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്. 2022 വരെ 45 പേർക്കാണ് രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷ നൽകിയിരുന്നത്.

എന്താണ് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ?

ജീവന് ഭീഷണി നേരിടുന്ന വ്യക്തികൾക്ക് ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ളസ് സുരക്ഷ. രാഷ്ട്രപതി, ഉപരാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇസഡ് പ്ളസ്സുരക്ഷാ പരിരക്ഷ ലഭിക്കാറുണ്ട്. ജീവന് ഭീഷണി നേരിടുന്ന വ്യവസായികൾ, ബിസിനസ്സ് നേതാക്കൾ, മറ്റ് വ്യക്തികൾ എന്നിവർക്കുംഇസഡ് പ്ളസ് സുരക്ഷാ പരിരക്ഷ നൽകാറുണ്ട്. 55സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സേനയാണ് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ നല്‍കുന്നത്. വ്യക്തി നേരിടുന്ന ഭീഷണി അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വ്യത്യാസപ്പെടും. 24 മണിക്കൂറും സുരക്ഷ ഒരുക്കും.

മികച്ച കായിക– ആയുധ പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇസഡ് പ്ളസ് സുരക്ഷ ഒരുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആധുനിക സുരക്ഷാ പരിശോധന ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷാ സംഘത്തിന്റെ ഭാഗമാണ്. ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സുരക്ഷ നല്‍കേണ്ട വ്യക്തിയെ അനുഗമിക്കാം. ഇസഡ് പ്ളസ് സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. യാത്രാ പദ്ധതികൾ മുൻകൂട്ടി ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമേ യാത്ര ചെയ്യാന്‍ പാടുള്ളൂ.

Related Articles

Latest Articles