Sunday, April 28, 2024
spot_img

പുതുപ്പള്ളിയിൽ ആഴത്തിൽ വേരൂന്നിയ വൃക്ഷം; സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയായി തുടക്കം; കേരളത്തിലെ ജനനായകനായി മാറിയ ഉമ്മന്‍ചാണ്ടി

ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളി കാരോട്ടുവള്ളക്കാലില്‍ കെ ഒ ചാണ്ടിയുടേയും ബേബിയുടേയും മകന്‍ സ്‌കൂളില്‍ നിന്നു തുടങ്ങിയതാണ് തിരക്കുള്ള ജീവിതം. 50 വർഷത്തിലധികം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവെന്ന അപൂർവ റെക്കോർഡിനുടമയാണ് അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ഉമ്മൻ ചാണ്ടി വിട വാങ്ങുന്നത്. പുതുപ്പള്ളിക്കാരുടെ കു‍ഞ്ഞൂഞ്ഞ് കേരളത്തിന്റെ കൂടി കുഞ്ഞൂഞ്ഞായിരുന്നു.

പുതുപ്പള്ളി എംഡി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം പൂർത്തീകരിച്ചു. മുത്തച്ഛന്‍ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. സ്‌കൂള്‍ കാലഘട്ടത്ത് കെ എസ് യുവിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് എത്തി. 1962ല്‍ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1967ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1969ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി.

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടി 1970 സെപ്റ്റംബർ 17നു നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിച്ചാണ് തുടക്കം. സിപിഎം സിറ്റിങ് എംഎൽഎ ആയിരുന്നു ഇഎം ജോർജിനെ 7,288 വോട്ടുകൾക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തിൽ തന്നെ വിജയം. പിന്നീട് വിജയ പരമ്പരകൾ. 1977, 80. 82, 87, 91, 96, 2001, 06, 11, 16, 21 വർഷങ്ങളിലും പുതുപ്പുള്ളിയിൽ നിന്നു വിജയിച്ചു കയറി. പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാം​ഗമായി.

ജന ​ഹൃദയങ്ങളിൽ ജീവിച്ച, ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്നായിരിക്കും എതിരാളികൾ പോലും ഉള്ളു കൊണ്ടു അം​ഗീകരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു. നിയമസഭാം​ഗമായി 53 വർഷം തികച്ചു. 1977-78ൽ തൊഴിൽ മന്ത്രി, 1982ൽ ആഭ്യന്തര മന്ത്രി, 1991-94 കാലത്ത് ധനകാര്യ മന്ത്രി, 2006-11 വർഷങ്ങളിൽ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

Related Articles

Latest Articles