Sunday, October 4, 2026

സാധാരണക്കാർ വലയും! സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകൾ പണിമുടക്കും;അടുത്തമാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി

തിരുവനന്തപുരം∙ സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച) സ്വകാര്യ ബസുകൾ പണിമുടക്കും. വിദ്യാർത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അടുത്തമാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനൽകി.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

2022 മേയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർത്ഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കണം. നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി ആരോപിച്ചു.

Related Articles

Latest Articles