Tuesday, May 7, 2024
spot_img

ഓക്സ്ഫഡ് കോവിഡ് വാക്സിന് അംഗീകാരം; വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍; ഇന്ത്യയിലും ഉടന്‍?

ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന്ന് ബ്രിട്ടന്‍ അംഗീകാരം നല്‍കി.
ബ്രിട്ടണില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഓക്സ്ഫഡ് വാക്‌സിന് അംഗീകാരം നല്‍കിയത്. ഓക്സ്ഫഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വിതരണം ഉടന്‍ തുടങ്ങുമെന്നാണ് വിവരം.

രാജ്യത്ത് വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ ഈ വാക്സിന്‍ ലഭ്യമാകും. ഇന്ത്യയില്‍ ഈ മരുന്ന് പുനെയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുറത്തിറക്കുക. ബ്രിട്ടന്‍ കടുത്ത ശൈത്യത്തിന്റെ പിടിയില്‍ അമരുന്നതിനിടെയാണ് കോവിഡ് പോരാട്ടം ശക്തമാക്കാന്‍ ഓക്സ്ഫഡ് വാക്സീന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 4 മുതല്‍ രാജ്യവ്യാപകമായി കുത്തിവെപ്പ് ആരംഭിക്കുമെന്ന് ബ്രിട്ടന്റെ ആരോഗ്യമന്ത്രി മാറ്റ് ഹന്‌കൊക് പറഞ്ഞു.

ഇന്ത്യയും വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് സൂചന. വാക്സിന്‍ വിതരണത്തിനുള്ള എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പൂർത്തിയാക്കി. ആദ്യ പരീക്ഷണങ്ങളില്‍ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്സിന്‍ പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഡോസേജിന്റെ അടിസ്ഥാനത്തില്‍ ഇത് പിന്നീട് 90 ശതമാനമായി ഉയര്‍ന്നിരുന്നു. എളുപ്പത്തില്‍ സ്റ്റോര്‍ ചെയ്യുവാനും വിതരണം ചെയ്യുവാനും കഴിയുന്നതിനാല്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും വിതരണം ചെയ്യാൻ കഴിയും.

Related Articles

Latest Articles