Friday, May 17, 2024
spot_img

“പദ്മഭൂഷൺ പുരസ്കാരം രാജ്യത്തിന്റെ അംഗീകാരം”; വിമർശനങ്ങൾ അപഹാസ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ദില്ലി: പദ്മഭൂഷൺ പുരസ്കാരം രാജ്യത്തിന്റെ അംഗീകാരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് (Ghulam Nabi Azad). ബിജെപി സർക്കാർ നൽകിയ പദ്മഭൂഷൺ പുരസ്ക്കാരം എന്തിനാണ് സ്വീകരിച്ചത് എന്ന തരത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും കടുത്ത അതൃപ്തിയും രൂക്ഷവിമർശനങ്ങളുമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ മറുപടി.

നാലുപതിറ്റാണ്ടായി പാർലമെന്റിൽ പ്രവർത്തിക്കുന്നു. കേന്ദ്ര മന്ത്രിയായി, രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി, ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയുമായി. രാജ്യത്തിനായു ള്ള പതിറ്റാണ്ടുകളുടെ സമർപ്പണത്തിനാണ് ഈ അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇതിനെച്ചൊല്ലി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഎം പിബി അംഗവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്കാരം നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ഉയർത്തുന്ന നിലപാട്. ബിജെപി സർക്കാർ നൽകിയ പദ്മഭൂഷൺ പുരസ്ക്കാരം സ്വീകരിച്ചത് കശ്മീർ പുന:സംഘടനക്കെതിരായ കോൺഗ്രസ് പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന തീരുമാനമാണെന്ന് നേതാക്കൾ പ്രതികരിച്ചിരുന്നു. ഗുലാംനബി ആസാദിനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പത്മപുരസ്കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

Related Articles

Latest Articles