Sunday, May 5, 2024
spot_img

നിയോകോവ് വൈറസ്: അതിമാരകമെന്ന് ചൈനീസ് ഗവേഷകര്‍; വ്യാജ പ്രചാരണമെന്ന് മറ്റു ഗവേഷകര്‍; കൂടുതൽ പഠനം നടത്താൻ ലോകാരോഗ്യ സംഘടന

ദില്ലി: നിയോകോവ് വൈറസിൽ (NeoCov Coronavirus)കൂടുതൽ പഠനം നടത്താൻ ഗവേഷകർ. ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി വുഹാനിലെ ഗവേഷക സംഘമാണ് നിയോകോവ് വൈറസിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടത്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് ഒരു അന്തരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വുഹാന്‍ ഗവേഷകരുടേത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി മറ്റു ഗവേഷകർ രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളില്‍നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവിലില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്നാൽ ഇതിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന. നിയോകോവ് വൈറസിനെക്കുറിച്ചുള്ള ഗവേഷണവും കണ്ടെത്തലുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മനുഷ്യനിലേക്ക് പടരാൻ സാധ്യതയുണ്ടോയെന്നും മനുഷ്യരാശിക്ക് അപകടമാണോയെന്നും അറിയാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിർണായകമായ ഗവേഷണ പ്രബന്ധം പങ്കുവച്ച ചൈനീസ് ഗവേഷകർക്ക് നന്ദിയുണ്ടെന്നും സംഘടന പറഞ്ഞു.

അതേസമയം കോവിഡിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നിയോകോവിന് കഴിയുമെന്നാണ് ചില ഗവേഷകരുടെ കണ്ടെത്തൽ. അപ്രകാരം സംഭവിച്ചാൽ വൈറസ് ബാധിക്കുന്ന മൂന്നിൽ ഒരാളും മരിക്കാനിടയുണ്ടെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്. 2012-ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ് കോവ് വൈറസുമായി ഇതിന് ബന്ധമുണ്ടെന്നാണ് വുഹാന്‍ ഗവേഷകരുടെ വാദം.

നിലവില്‍ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വുഹാന്‍ ഗവേഷകര്‍ പറയുന്നത്. മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാന്‍ യൂണിവേഴ്‌സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലേയും ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles