Monday, May 6, 2024
spot_img

പത്മശ്രീയുടെ നിറവില്‍ ആചാര്യ എം.കെ.കുഞ്ഞോല്‍

സാമൂഹ്യ പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരത്തിന് എം.കെ.കുഞ്ഞോല്‍ മാഷ് അര്‍ഹനായി. ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചന പോരാട്ടങ്ങള്‍ക്കുമായി അറുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന അവിരാമമായ യാത്രകള്‍ എണ്‍പത്തിയൊന്നിലും തുടരുകയാണ്.

1950-കളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഇദ്ദേഹം പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനനം. മുടക്കിരായി സെന്റ് റീത്ത എല്‍പി സ്‌കൂളിലും, കുറുപ്പംപടിയിലെ മലയാളം സ്‌കൂളിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ ആശ്രാമം ഹൈസ്‌കൂളിലുമായിരുന്നു പഠനം.

എസ്എസ്എല്‍സി പാസ്സായ ഹരിജന്‍ ബാലന്‍ എന്ന നിലയില്‍ കോതമംഗലം, മൂവാറ്റുപുഴ കോളേജുകളില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുള്ള അവസരം ലഭിച്ചു. എന്നാല്‍ അന്നത്തെ മന്ത്രിയായിരുന്ന കൊച്ചുകുട്ടന്‍ കാലടി ആശ്രമത്തില്‍പോയി ആഗമാനന്ദ സ്വാമികളെ കാണുവാന്‍ നിര്‍ദ്ദേശിച്ചു. ആഗമാനന്ദ സ്വാമികള്‍ കുഞ്ഞോലിനെ ശ്രീശങ്കരാ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ത്തു.

ഇന്റര്‍മീഡിയറ്റിനുശേഷം മെഡിസിന് അപേക്ഷിച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ ബിഎസ്സിക്ക് ചേര്‍ന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് കുഞ്ഞോല്‍ വിജയിച്ചത്. കൗണ്‍സില്‍ ചേര്‍ന്ന് കുഞ്ഞോലിനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ബിഎസ്സിക്കു ശേഷം മെഡിസിന് അപേക്ഷിച്ച പ്രവേശനം ലഭിച്ചു.
രണ്ടാം വര്‍ഷം ഒരു പട്ടികജാതി പെണ്‍കുട്ടിയെ റാഗ് ചെയ്യുന്ന വിഷയത്തില്‍ ഇടപെട്ടതിന്റെ പേരില്‍ ചില അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വൈരാഗ്യത്തിന് ബലിയാടായിത്തീര്‍ന്നു.

പിന്നീടുള്ള കുഞ്ഞോലിന്റെ ജീവിതം അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന് രൂപം നല്‍കി.

കുന്നുകരയ്ക്ക് സമീപം വയല്‍ക്കരയില്‍ രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ച വിഷയത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ നിരപരാധികളായ രണ്ട് പട്ടികജാതി യുവാക്കളെ ശവം കത്തിച്ച ചാരം തീറ്റിച്ച സംഭവം കേരളമനഃസക്ഷിയെ ഞെട്ടിച്ചതായിരുന്നു. ഈ നീച പ്രവൃത്തിക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കുഞ്ഞോല്‍ നടത്തിയത്.

1963-ല്‍ മലാബാര്‍ ഹരിജന്‍ സമാജവും കേരളാ ഹരിജന്‍ സമാജവും തമ്മില്‍ ലയിച്ചു. കോതമംഗലം പെരുമണ്ണുരിലെ പാവപ്പെട്ട കുടുംബത്തിലെ കാര്‍ത്ത്യായനിയെയാണ് 1970-ല്‍ കുഞ്ഞോല്‍ വിവാഹം കഴിച്ചത്. വിവാഹശേഷവും ഹരിജന്‍സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കുഞ്ഞോല്‍ മുന്നോട്ടുപോയി. ആറുമക്കളുണ്ട്.

അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് കേരളത്തില്‍ നിന്ന് ആദ്യമായി പിന്തുണയറിയിച്ചത് ഹരിജന്‍ സമാജമായിരുന്നു.

1978-ലാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുമായി കുഞ്ഞോല്‍ ബന്ധപ്പെടുന്നത്. ജനതാ പാര്‍ട്ടി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന സമയത്ത് മതപരിവര്‍ത്തനത്തിനെതിരായ ബില്ലിനെ സ്വാഗതം ചെയ്ത് കുഞ്ഞോല്‍ രംഗത്തെത്തി.

1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നതും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി മാറുന്നതും. ഹൈന്ദവ സമൂഹത്തിന്റെ, പ്രത്യേകിച്ച് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തില്‍ വിശ്രമമില്ലാത്ത യാത്രകളിലാണ് പ്രായം തളര്‍ത്താത്ത മനസ്സും ശരീരവുമായി എണ്‍പത്തിയൊന്നാം വയസ്സിലും ആചാര്യ എം.കെ. കുഞ്ഞോല്‍.

Related Articles

Latest Articles