ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാക് അധിനിവേശ കശ്മീരിൽ യുദ്ധസന്നാഹങ്ങളുമായി പാകിസ്ഥാൻ. കഴിഞ്ഞ 20 ദിവസങ്ങളായി ഈ അതിർത്തി പ്രദേശത്ത് പട്ടാളവിന്യാസം വർദ്ധിപ്പിക്കുകയും ആയുധങ്ങളും സാധനസമഗ്രികളും സംഭരിക്കുകയും ചെയ്യുകയാണ് പാക് പട്ടാളം. പട്ടാളത്തിന്‍റെ ആറ് ബ്രിഗേഡുകളെ എല്‍ ഒ സിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാര ഉപഗൃഹങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പാക് നാവികസേനയും യുദ്ധത്തിനു തയ്യാറെടുക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ഒരു യുദ്ധം ഏതു നിമിഷവും പൊട്ടിപുറപ്പെടാം എന്നാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ആർട്ടിക്കിൾ -370 എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ തുടർന്ന് ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണിക്കും വലിയ വാർത്താ പ്രാധാന്യമാണ് പാക് മാധ്യമങ്ങൾ നൽകിയത്.
കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടുപോയ പാക്കിസ്ഥാൻ ഭരണകൂടം സ്വദേശത്ത് കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക തകർച്ചയും ഈ രോഷത്തിനു കാരണമാണ്. ഈ സാഹചര്യത്തിൽ ഇത്തരം പ്രശ്നനങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ പാക് പട്ടാളം സാഹസത്തിനു മുതിരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

