Wednesday, April 24, 2024
spot_img

പാകിസ്ഥാനിലെ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ വ്യാപനം; 39 പേർ മരണത്തിന് കീഴടങ്ങി, രാജ്യത്ത് മരുന്നിന് വൻ ക്ഷാമം, ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് സർക്കാർ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കുട്ടികൾക്കിടയിൽ മാരക പകർച്ചവ്യാധിയായ ഡിഫ്തീരിയ പടർന്ന് പിടിക്കുന്നു. രോഗം ബാധിച്ച് രാജ്യത്താകമാനം 39 കുട്ടികൾ ഇതുവരെ മരണപ്പെട്ടുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലൂടെ വേദനാജനകമായ മരണത്തിലേക്ക് നയിക്കുന്ന ഈ രോഗത്തിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നിന് പാകിസ്ഥാനിൽ കടുത്ത ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മരുന്നിനായി വിവിധ ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കുകയാണ് പാക് സർക്കാർ.

പാകിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്ന് ആവശ്യമായ ആന്റി ഡിഫ്തീരിയ സിറം എത്തിക്കാൻ ലോകാരോഗ്യ സംഘടനയും യുനിസെഫും അടിയന്തിര യോഗം ചേർന്നു. വാക്സിനേഷനിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ട രോഗമാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയ.

പെന്റാവാലന്റ് വാക്സിന്റെ അഭാവമാണ് പാകിസ്ഥാനിൽ രോഗം പൊട്ടിപ്പുറപ്പെടാനുള്ള കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സമാനമായ രീതിയിൽ ടെറ്റനസ്, വില്ലൻ ചുമ, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങളും രാജ്യത്ത് ഏത് നിമിഷവും പടർന്ന് പിടിച്ചേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Latest Articles