Thursday, May 23, 2024
spot_img

12 വർഷത്തിന് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ;സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുമായി ക്രിയാത്മകമായ ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്ന് ബിലാവൽ ഭൂട്ടോ സർദാരി

ഗോവ: 12 വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയായി ബിലാവൽ ഭൂട്ടോ സർദാരി. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ കോൺക്ലേവിൽ പങ്കെടുക്കാനാണ് ഇന്നലെ ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തിയത്. അതേസമയം, ഇന്നലെ വൈകുന്നേരം ഇന്ത്യൻ വിദേശകാര്യ മന്ത്രി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുക്കുകയും എസ്. ജയശങ്കറിനെ ഹസ്തദാനം ചെയ്യുകയും ചെയ്തു.

2011-ൽ ഹിന റബ്ബാനി ഖാർ മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 2016 ഡിസംബറിൽ പാക്കിസ്ഥാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്ത്യ സന്ദർശിച്ചതിന് ശേഷം നടത്തുന്ന ആദ്യ ഉന്നതതല സന്ദർശനം കൂടിയാണിത്. എസ്.സി.ഒ ഫോറിൻ മിനിസ്‌റ്റേഴ്‌സ് കൗൺസിലിലാണ് ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുക്കുന്നത്. തന്റെ സന്ദർശനം എസ്‌സിഒയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണെന്ന് പറഞ്ഞ ബിലാവൽ ഭൂട്ടോ സർദാരി സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുമായി ക്രിയാത്മകമായ ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

ബെനൗലിമിലെ കടൽത്തീരത്തുള്ള താജ് എക്സോട്ടിക്ക റിസോർട്ടിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആതിഥേയത്വം വഹിച്ച ആഘോഷത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, റഷ്യയുടെ സെർജി ലാവ്‌റോവ്, സ്ബെക്കിസ്ഥാന്റെ ബക്തിയോർ സെയ്ദോവ്, എസ്‌സിഒ സെക്രട്ടറി ജനറൽ ഷാങ് മിംഗ് എന്നിവരും കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്തു.

Related Articles

Latest Articles