ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം (Hindu Temple Attack In Pakistan). കറാച്ചിയിലെ റാൻചോർ ലൈനിലുള്ള ക്ഷേത്രമാണ് മതഭ്രാന്തന്മാർ ആക്രമിച്ചത്. ക്ഷേത്രത്തിലെ ജോഗ് മായ വിഗ്രഹം അക്രമികൾ ചുറ്റിക കൊണ്ട് അടിച്ചു തകർത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ ചേന്നാണ് ഇയാളെ പോലീസിൽ ഏൽപ്പിച്ചത്.
എന്നാൽ പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ക്ഷേത്രങ്ങൾ തകർക്കുന്നത് എന്ന് ബിജെപി ആരോപിച്ചു. ഹിന്ദുക്കളുടെ ആരാധനാലയമായത് കൊണ്ടാണ് മതമൗലികവാദികൾ ക്ഷേത്രം ആക്രമിച്ച് തകർത്തത്. പാക് ഭരണകൂടവും ഇതിന് പൂർണ പിന്തുണ നൽകുന്നുണ്ടെന്നാണ് ബിജെപി നേതാവ് മഞ്ചീന്ദർ സിർസ പറയുന്നത്.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഹിന്ദുക്കൾക്കും സിഖ് വംശജർക്കും സ്വാതന്ത്ര്യം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോട് ആവശ്യപ്പെട്ടു. ശിരോമണി അകാലി ദൾ നേതാവായിരുന്ന സിർസ അടുത്തിടെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
അതേസമയം കഴിഞ്ഞ ഒക്ടോബറിലും സിന്ധ് പ്രവിശ്യയിൽ ഹനുമാൻ ദേവി മാത മന്ദിറിന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയിരുന്നു. വിഗ്രഹത്തിലുണ്ടായിരുന്ന മാലയും മറ്റ് വിലപിടിപ്പുളള വസ്തുക്കളും മോഷണം പോവുകയുമുണ്ടായി.അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ഒരു അക്രമ സംഭവം കൂടി റിപോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം സമീപകാലങ്ങളിൽ പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവും അവരുടെ താത്പര്യം സംരക്ഷിക്കാത്തതിനും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കടുത്ത വിമർശനമാണ് പാകിസ്ഥാന് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ അഗസ്റ്റിലും പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം മതഭ്രാന്തന്മാർ തല്ലിത്തകർത്തിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയായ ഭൂംഗിലുള്ള സിദ്ധി വിനായക ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ മതതീവ്രവാദികൾ പൊളിച്ചുകളഞ്ഞ പഞ്ചാബ് പ്രവിശ്യയിലുള്ള ഹിന്ദു ക്ഷേത്രം ഉടൻ പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിടുകയായിരുന്നു.

