Tuesday, April 30, 2024
spot_img

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം !ഇന്ത്യൻ പൗരൻ സരബ്ജിത്ത് സിംഗിനെ ജയിലിൽ അതിക്രൂരമായി കൊലപ്പെടുത്തിയ പാക് ഗുണ്ട അമീർ സർഫ്രസിനെ അജ്ഞാതർ വെടിവച്ചു കൊന്നു

ലാഹോര്‍ : പാകിസ്ഥാനിലെ കുപ്രസിദ്ധ അധോലോക നേതാവ് അമീര്‍ സര്‍ഫറാസ് ലാഹോറില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. രണ്ടംഗ സംഘമാണ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ തടവുകാരനും ഇന്ത്യൻ പൗരനുമായ സരബ്ജിത് സിങ്ങിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയവരിലൊരാളാണ് കൊല്ലപ്പെട്ട അമീര്‍ സര്‍ഫറാസ്. 2013-ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍വച്ച് കൊല്ലപ്പെടുന്നത്.

പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്‌ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാകിസ്ഥാൻ അറസ്റ്റു ചെയ്യുന്നത്. തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ദീര്‍ഘകാലം തടവിലാക്കുകയും ചെയ്തു. സരബ്ജിത്തിനെതിരായ ആരോപണങ്ങൾ ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും നിഷേധിച്ചിരുന്നു. തടവിൽ കഴിയവേ 2013 ലാണ് സര്‍ഫറാസും സഹതടവുകാരനും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിക്കുന്നത്. ഇഷ്ടികയും മൂര്‍ച്ചയേറിയ ആയുധങ്ങളുംകൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സരബ്ജിത്തിനെ 2013-മെയ് മാസത്തിലാണ് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം ഹൃദയാഘാതം മൂലം സരബ്ജിത്ത് മരിച്ചു. സര്‍ഫറാസിനെ 2018 ഡിസംബറിൽ ലാഹോറിലെ കോടതി മോചിപ്പിക്കുകയും ചെയ്തു.

സരബ്ജിത്തിന് വധശിക്ഷ വിധിച്ചത് ഇന്ത്യയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹര്‍ജികളടക്കം പലതവണ സമര്‍പ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലംകണ്ടില്ല. .

Related Articles

Latest Articles