കാബൂൾ : അഫ്‌ഗാൻ – പാക് അതിർത്തിയിൽ വീണ്ടും സംഘർഷം. അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പാക്-അഫ്ഗാൻ അതിർത്തി മേഖലയിലെ ഏഴോളം സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. പാകിസ്ഥാൻ നടത്തിയത് സാധാരണക്കാർക്ക് നേരെയുള്ള ആക്രമണമാണെന്ന് അഫ്ഗാൻ ഭരണകൂടം വ്യക്തമാക്കി. നംഗർഹാർ, പക്തിക പ്രവിശ്യകളിൽ നടന്ന ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.
അതേസമയം പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേർ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പാക് താലിബാൻ ഉൾപ്പെടെയുള്ള നിരോധിത സംഘടനകളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്നാണ് പാക് വിശദീകരണം.

