തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം പൊന്നാനി സ്വദേശി പി.എം. തഫ്സീർ ദർവേഷ് (30) കൊച്ചിയിൽ അറസ്റ്റിലായി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊച്ചി സിറ്റി പോലീസാണ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പാളയം പള്ളിക്ക് സമീപമുള്ള പമ്പിന്റെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് തഫ്സീർ പണം കവർന്നത്.
പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. പമ്പിലെ കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായ 1.80 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. മോഷ്ടാവ് നടന്നു വരുന്നതും ഓഫീസിനുള്ളിൽ കയറുന്നതുമായ ദൃശ്യങ്ങൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞ മ്യൂസിയം പോലീസ് പ്രതിയുടെ ഫോൺ ട്രാക്ക് ചെയ്തതോടെയാണ് ഇയാൾ എറണാകുളത്തുണ്ടെന്ന് വ്യക്തമായത്.
മറ്റൊരു കേസിൽ അന്വേഷണം നടത്തിയിരുന്ന എറണാകുളം സെൻട്രൽ പോലീസ് ഇന്നലെ രാവിലെ ലോഡ്ജ് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് പെട്രോൾ പമ്പിൽ നിന്ന് കവർന്ന പണവും പോലീസ് കണ്ടെടുത്തു. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ നിരവധി പെട്രോൾ പമ്പുകളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഒരു സ്ക്രൂ ഡ്രൈവർ മാത്രം ഉപയോഗിച്ച് ലോക്കറുകൾ തുറക്കുന്നതാണ് ഇയാളുടെ രീതി. പിടിയിലാകുമ്പോൾ സ്ക്രൂ ഡ്രൈവർ മാത്രമാണ് ആയുധമായി ഇയാളിൽ നിന്ന് ലഭിക്കാറുള്ളതെന്നും പോലീസ് വ്യക്തമാക്കി. ചെറുതും വലുതുമായ അറുപതോളം മോഷണക്കേസുകളാണ് നിലവിൽ ഇയാളുടെ പേരിലുള്ളത്. പ്രതിയെ ഉടൻ തിരുവനന്തപുരത്ത് എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും.

