Sunday, September 20, 2026

സിബിഎസ്ഇ 10-ാം ക്ലാസ് ഫലം ഉടൻ; വെബ്‌സൈറ്റുകൾക്ക് പുറമെ എസ്എംഎസ് വഴിയും ഫലമറിയാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഔദ്യോഗികമായി തീയതി ബോർഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൂല്യനിർണ്ണയ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയിൽ രാജ്യത്താകമാനം 24,12,072 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

ഫലം എവിടെ പരിശോധിക്കാം?

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക പോർട്ടലുകൾ വഴി മാർക്ക് ലിസ്റ്റ് പരിശോധിക്കാം:

results.cbse.nic.in

cbse.gov.in

results.gov.in

ലോഗിൻ ചെയ്യുന്നതിനായി റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ കയ്യിൽ കരുതേണ്ടതാണ്.

ഡിജി ലോക്കറും ഉമംഗ് ആപ്പും

വെബ്‌സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഡിജി ലോക്കർ (DigiLocker): വിദ്യാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഡിജിറ്റൽ രൂപത്തിൽ ഡിജി ലോക്കറിൽ ലഭ്യമാകും. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന 6 അക്ക ആക്സസ് കോഡ് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം.

ഉമംഗ് (UMANG) ആപ്പ്: സ്മാർട്ട്ഫോണുകളിൽ ഉമംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നതിലൂടെയും ഫലം വേഗത്തിൽ അറിയാൻ സാധിക്കും.

ഇന്റർനെറ്റ് ഇല്ലാത്തവർക്കും ഫലമറിയാം

ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി എസ്എംഎസ് (SMS), ഐവിആർഎസ് (IVRS) സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

SMS: CBSE10 <റോൾ നമ്പർ> <ജനനത്തീയതി> <സ്കൂൾ നമ്പർ> <സെന്റർ നമ്പർ> എന്ന ഫോർമാറ്റിൽ നിശ്ചിത നമ്പറിലേക്ക് സന്ദേശം അയച്ചാൽ മാർക്ക് ലഭിക്കും.

IVRS: ഡൽഹിയിലുള്ളവർക്ക് 24300699 എന്ന നമ്പറിലും മറ്റുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ച് നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകി മാർക്ക് അറിയാം.

ജയിക്കാൻ വേണ്ടത് 33 ശതമാനം
ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്ക് ലഭിച്ചാൽ മാത്രമേ വിജയിക്കുകയുള്ളൂ. പരാജയപ്പെടുന്നവർക്കോ മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കോ ജൂലൈയിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷകൾ എഴുതാം. കൂടാതെ പുനർമൂല്യനിർണ്ണയത്തിന് (Re-evaluation) അപേക്ഷിക്കാനും അവസരമുണ്ടാകും.

അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിനായി വിദ്യാർത്ഥികൾ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. മൂല്യനിർണ്ണയം പുരോഗമിക്കുന്നതിനാൽ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതിന് ശേഷമേ പന്ത്രണ്ടാം ക്ലാസ് ഫലം ഉണ്ടാവുകയുള്ളൂ. ഔദ്യോഗിക വിവരങ്ങൾക്കായി സിബിഎസ്ഇയുടെ വെബ്സൈറ്റുകൾ മാത്രം പിന്തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related Articles

Latest Articles