Saturday, October 17, 2026

മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി; ആര്യാടൻ ഷൗക്കത്തിനെതിരെ ഉടൻ നടപടിയില്ല ! മറ്റന്നാൾ വീണ്ടും അച്ചടക്ക സമിതി ചേരും; മലപ്പുറത്തെ കൂടുതൽ നേതാക്കളുടെ വിശദീകരണം കൂടി കേൾക്കും

തിരുവനന്തപുരം: കെപിസിസിയുടെ മുന്നറിയിപ്പ് ലംഘിച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെ ഉടൻ നടപടിയുണ്ടാകില്ല.

സംഭവത്തിൽ കുറച്ചുകാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്ന് അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മറ്റന്നാൾ അച്ചടക്കസമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളുടെ വിശദീകരണം കൂടി കേൾക്കും.

“ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്തു തന്നു,​ അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ചു ആളുകളെക്കൂടി കേൾക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. റാലിയിൽ പങ്കെടുത്തവരുടെ ഭാഗവും കേൾക്കും. ആര്യാടൻ ഷൗക്കത്തിനായി സി.പി,​എം വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണ്. മനോഹരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സിപിഎം ശ്രമം,​ അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങൾ. സിപിഎം വളരെ കഷ്ടപ്പെട്ട് ക്ഷണിച്ചുകൊണ്ടുപോയ കെ.വി. തോമസിന്റെ അവസ്ഥ എന്തായി ? “- തിരുവഞ്ചൂർ ചോദിച്ചു.

കനത്ത മഴയിലും വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തിയായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പാലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ചത്. അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമെന്ന കെപിസിസി മുന്നറിയിപ്പിനെത്തുടർന്ന് പരിപാടിയിൽ നിന്ന് കൂടുതൽ നേതാക്കൾ പിന്മാറിയിരുന്നു. എന്നാൽ പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന നിലപാടിലായിരുന്നു ആര്യാടൻ ഫൗണ്ടേഷൻ. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കി.

ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലയിൽ സമാപിച്ചു. നേരത്തെ, ഡിസിസി പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയിരുന്നു. അര്യാടന്‍ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു

Related Articles

Latest Articles