Sunday, May 5, 2024
spot_img

പാമ്പുമേക്കാട്ട് മന | ഐതിഹ്യവും ചരിത്രവും

 

തൃശൂർ ജില്ലയിൽ മാളയ്ക്കടുത്ത് മുകുന്ദപുരം താലൂക്കിൽ വടമ വില്ലേജിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട്മന സ്ഥിതി ചെയ്യുന്നത്. നാഗരാജാവായ വാസുകിയും സർപ്പയക്ഷിയമ്മയും ഇവിടെ കുടികൊള്ളുന്നു.ആദ്യകാലത്ത് പാമ്പുമേക്കാട്ട് മന മേയ്ക്കാട്ടു മന എന്നാണറിയപ്പെട്ടിരുന്നത്. ഇവിടെ സർപ്പാരാധന തുടങ്ങിയതോടെയാണ് പാമ്പുമേക്കാട് എന്ന പേര് വന്നത്. മന്ത്രതന്ത്രശാസ്ത്രത്തിൽ അഗാധ ജ്ഞാനമുള്ളവരായിരുന്നു മേയ്ക്കാട്ടു മനക്കാർ എന്നാൽ ഇല്ലത്ത് എപ്പോഴും വലിയ ദാരിദ്ര്യമായിരുന്നു. ആയിടയ്ക്കാണ് മേക്കാട്ടു മനയിലെ മുതിർന്ന ഒരു നമ്പൂതി കൊടുങ്ങല്ലൂരെ തിരുവഞ്ചികുളം ക്ഷേത്രത്തിൽ പോയി ഭജനമിരുന്നത്. 12 വർഷത്തോളം അദ്ദേഹം ഭജനമിരുന്നു. ഭജന തീരുന്നതിന് മൂന്നാലു ദിവസം മുമ്പ് നേരം പുലർന്ന് എന്ന് വിചാരിച്ച് അദ്ദേഹം കുളിയ്ക്കാനായി ക്ഷേത്ര കുളത്തിലേയ്ക്ക് പോയി. അവിടെ ചെന്നപ്പോൾ തേജസ്വിയായ ഒരു മനുഷ്യൻ കുളക്കടവിൽ നില്ക്കുന്നതു കണ്ട് മേക്കാട് തിരുമേനി ചോദിച്ചു. “ആരാത്?. മേക്കാടിനു കുളിക്കാനുള്ള സമയമായിട്ടില്ല. നേരം വെളുത്തുവെന്ന് കരുതി അങ്ങ് നേരത്തെയാണ് ‘ തിരികെ പൊയ്ക്കോളു. അപരിചിതനായ ആ മനുഷ്യൻ പറഞ്ഞു. മേക്കാട് തിരുമേനി സംശയിച്ചു നിന്നിട്ട് തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അപരിചിതൻ പറഞ്ഞു മേക്കാട് നാഗമാണിക്യം കണ്ടിട്ടുണ്ടോ? കാണണമെന്നാഗ്രഹമുണ്ടോ? അപ്പോഴാണ് അപരിചിതന്റെ കൈയ്യിൽ തിളങ്ങുന്ന നാഗമാണിക്യം കണ്ടത്. കണ്ടിട്ട് തിരികെ തരാമെങ്കിൽ തരാം അപരിചിതൻ പറഞ്ഞു. തരാം കാണട്ടേയെന്ന് മേക്കാട്.

അപരിചിതൻ നാഗമാണിക്യം മേക്കാടിന് കൊടുത്തു. നാഗമാണിക്യം കൈയ്യിൽ കിട്ടിയ മേക്കാടിന് അത്ഭുതം പൂണ്ടു. അങ്ങ് അനുവദിക്കുമെങ്കിൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ഇതൊന്നു കാണിച്ചിട്ടു വേഗം വരാം ഇതുപോലുള്ള ആപൂർവ്വമായ കാര്യങ്ങൾ കാണുന്നത് ആദ്ദേഹത്തിനും വലിയ സന്തോഷമാണ്. വേഗം വരണം മേക്കാടു തിരികെ വരുന്നതും കാത്ത് ഞാനിവിടെ ഉണ്ടാവും. മേക്കാട് വേഗം നാഗമാണിക്യവുമായി കൊട്ടാരത്തിലേക്ക് തിരിച്ചു. നാഗമാണിക്യം കൈയ്യിൽ കിട്ടിയ കൊടുങ്ങല്ലുരെ തമ്പുരാന് അത് തിരികെ കൊടുക്കാൻ മനസ്സു വന്നില്ല. എന്തു വില വേണമെങ്കിലും കൊടുക്കാം ഇത് എനിക്ക് വേണം. തിരികെ കൊണ്ടുവരാമെന്ന് ഞാൻ സത്യം ചെയ്തിട്ടാണ് അദ്ദേഹം എനിക്ക് തന്നയച്ചത് വാക്കുപാലിക്കാതെ ഇരിക്കാൻ കഴിയില്ല. മേക്കാടിനെ പറഞ്ഞു മനസ്സിലാക്കി നാഗമാണിക്യം സ്വന്തമാക്കാൻ തമ്പുരാൻ നോക്കിയെങ്കിലും മേക്കാട് തിരികെ വേണമെന്ന ഉറച്ച നിലപ്പാട് എടുത്തതിനാൽ തമ്പുരാന് മനസ്സില്ലാ മനസ്സോടെ നാഗമാണിക്യം തിരികെ നല്കേണ്ടി വന്നു.

നാഗമാണിക്യം തിരികെ നല്കിയതോടെ അപരിചിതൻ അപ്രത്യക്ഷനായി. പെട്ടെന്ന് അവിടെ വലിയ ഇരുട്ടു പരുന്നു. ഒരു വിധത്തിൽ കുളിച്ചു മേക്കാട് ക്ഷേത്രത്തിലോട്ട് പോയി. അന്ന് മേക്കാട് ക്ഷേത്ര ദർശനവും ഭജനയെല്ലാം കഴിഞ്ഞ് തിരികെയെത്തി പലതും ചിന്തിച്ച് ഉറക്കം വരാതെ കിടന്നു. ആ അപരിചിതൻ ആരായിരിക്കും അദ്ദേഹം ആരാണെന്ന് ചോദിക്കാതെ ഇരുന്നത് മോശമായിപ്പോയി. അദ്ദേഹം എന്തു വിചാരിച്ചിട്ടുണ്ടാകും മേക്കാട് ഇങ്ങനെ പലതും ചിന്തിച്ചു നാഴിക വെളുപ്പിന് മുമ്പേ ഉറക്കം വരാതെ തീർത്ഥകുളത്തിനരുകിലേയ്ക്ക് നടന്നു. എന്താ മേക്കാട് ഇന്നും നേരത്തെയാണല്ലോ. താൻ മുമ്പ് കണ്ട ആ ദിവ്യ തേജസ്സുള്ള ആ ആൾ തന്നെ. മേക്കാട് വേഗം ആയ്യാൾക്ക് അരുകിലേയ്ക്ക് ചെന്നു .പരമേശ്വരനാണോ? അങ്ങ് ആരാണ്? സത്യം പറ.?.മേക്കാടിന്റെ ചോദ്യത്തിന് മുന്നിൽ അപരിചിതന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ഞാൻ വാസുകിയാണ് അദ്ദേഹം പറഞ്ഞു. എനിക്കവിടുത്തെ യഥാർത്ഥ രൂപം കാണാൻ ആഗ്രഹമുണ്ട്’ ദയവായി അവിടുന്ന് അനുവദിച്ചാലും.

മേക്കാടിന് എന്റെ യഥാർത്ഥ രൂപത്തെ കാട്ടിതന്നാൽ അങ്ങ് ഭയപ്പെടും. മേക്കാട് വീണ്ടും പറഞ്ഞു അങ്ങ് എന്റെ ആഗ്രഹം സാധിച്ചു തന്നാലും. മേക്കാടിന് അത്ര നിർബന്ധമാണെന്ന് വച്ചാൽ എന്റെ ചെറു രൂപത്തെ അങ്ങേയ്ക്ക് കാട്ടി തരാം. അത്രയും പറഞ്ഞു വാസുകി മോതിരവിരലോളം വലുപ്പത്തിൽ അഞ്ചു തലയുള്ള സർപ്പമായി മേക്കാടിന് ദർശനമേകി. ആ നിമിഷം മേക്കാട് മോഹാലാസ്യപ്പെട്ടു വീണു. മേക്കാട്ട് ഉണരുന്നതുവരെ വാസുകി കാവലായി നിന്നു. ഉണർന്നേഴുന്നേറ്റ മേക്കാട് വാസുകിയോടു അനുഗ്രഹം തേടി. എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവിടുന്ന് അടിയന്റെ ഇല്ലത്ത് ഉണ്ടാവണമെന്നും ഇല്ലത്തെ ദാരിദ്ര്യ ദു:ഖം മാറ്റിതരണമെന്നും പറഞ്ഞു. മേക്കാട് ഭജന തീർന്ന് പോകുന്ന ദിവസം അവിടുത്തേക്കൊപ്പം ഞാനുമുണ്ടാകും അങ്ങയുടെ ഇല്ലത്ത് എന്നുമെന്റെ സാമീപ്യം ഉണ്ടാകും. ഭഗവാൻ അങ്ങയെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങയുടെ ഇല്ലത്തെ ദാരിദ്ര്യ ദു:ഖം മാറും എന്റെ ഒപ്പം നാഗയക്ഷിയമ്മയും ഉണ്ടാകും. ഞങ്ങളെ ഇല്ലത്തിന്റെ കിഴക്കിനിയിൽ കുടിയിരുത്തുക അവിടെ ഒരു കെടാവിളക്ക് കെടാതെ സൂക്ഷിക്കുക. ഇല്ല പറമ്പിൽ ധാരാളം സർപ്പങ്ങൾ വന്നു ചേരും.

ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ഒഴിച്ച് ഇല്ല പറമ്പിൽ മറ്റൊരിടത്തും തീ കത്തിക്കരുത്. പറമ്പ് കിളക്കുകയോ ഉഴുകയോ ചെയ്യരുത് ഇല്ലപറമ്പിൽ തുപ്പുകയോ മലമൂത്ര വിസർജജനം നടത്തുകയോ ചെയ്യരുത്. ഇല്ലപ്പറമ്പിൽ വച്ച് ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ ഇല്ലത്തുള്ള ആരും ചികിത്സിക്കരുത് അത് സർപ്പദോഷത്തിന് കാരണമാകും. ഈ മാണിക്യക്കല്ല് മേക്കാടിന്റെ ഇല്ലത്തു സൂക്ഷിച്ചോളു സകല ഐശ്വര്യങ്ങളും വന്നു ചേരും. അത്രയും പറഞ്ഞ് സർപ്പ രാജൻ അപ്രത്യക്ഷനായി. ഭജന തീർന്ന് ഇല്ലത്തേയ്ക്ക് മടങ്ങാൻ നേരം തന്റെ ഓല കുടയിൽ ഒരു പാമ്പിനെ കണ്ട് മേക്കാട് ഭയന്നു. അന്നേരം വാസുകി അവിടെ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. അങ്ങ് ഭയക്കണ്ട അത് ഞാൻ തന്നെയാണ് എനിക്കു പിന്നാലെ നാഗയക്ഷിയമ്മയും ഇല്ലത്തു വന്നു ചേരും അങ്ങ് ധൈര്യമായി പൊയ്ക്കോളു. മേക്കാട് വാസുകി പറഞ്ഞ പ്രകാരം ഇല്ലത്തെത്തി കിഴക്കിനിയിൽ നാഗരാജാവിനും നാഗയക്ഷിയമ്മക്കും പ്രത്യേക പ്രതിഷ്ഠ നടത്തി.

അതിനു ശേഷം ധാരാളം സർപ്പങ്ങൾ മേക്കാട്ടു മനയിൽ വന്നു ചേർന്നു. സർപ്പാരാധനയ്ക്ക് പല ദിക്കുകളിൽ നിന്നും ധാരാളം ആളുകൾ മേക്കാട്ടു മനയിൽ വന്നതോടെ പാമ്പുമേക്കാട് എന്ന പേര് ക്രമേണ വന്നു ചേർന്നു. പാമ്പുമേക്കാട്ട് ഇന്നും വാസുകി നല്കിയ നാഗമാണിക്യം ആർക്കും ദർശിക്കാൻ കഴിയാതെ അദൃശ്യമായി ഉണ്ടെന്നു വിശ്വസിക്കുന്നു. പാമ്പുമേക്കാട് ഇല്ലത്തെ നമ്പുതിരിമാർ പാമ്പുകളെ പാരമ്പര്യങ്ങൾ എന്നാണ് വിളിക്കുന്നത്. ഇല്ലത്ത് ഒരു കുഞ്ഞ് ജനിച്ചാൽ പാരമ്പര്യങ്ങൾ അനുഗ്രഹിക്കാൻ വരുന്നുവെന്നാണ് വിശ്വാസം. പാമ്പുമേക്കാട് ഇല്ലത്തെ ഒരാൾ മരണപ്പെട്ടാൽ ഒരു പാരമ്പര്യവും മരണപ്പെടും. ഇല്ലത്തെ തെക്കെക്കാവ് എന്നറിയപ്പെടുന്ന തെക്കെപ്പറമ്പിലാണ് മരണപ്പെട്ട നമ്പൂതിരിക്കും മരണപ്പെട്ട പാരമ്പര്യത്തിനും ചിതയൊരുക്കുക. സന്താന സൗഭാഗ്യത്തിനും കുട്ടികളുടെ ഐശ്വര്യത്തിനും ചൊറി ചിരങ്ങ് അപസ്മാരം തുടങ്ങിയവയ്ക്ക് ദോഷപരിഹാരവുമാണ് പാമ്പുമേക്കാട്ടെ ദർശനം.

നടക്കൽ കദളി കുല വച്ച് പ്രാർത്ഥിച്ചാൽ സന്താന സൗഭാഗ്യത്തിന് ഉത്തമമായി കണക്കാക്കുന്നു. നൂറും പാലുമാണ് നാഗരാജാവിനു പ്രധാന വഴിപാട് പണ്ട് ഇവിടെ കല്യാണം കഴിച്ചു കൊണ്ടുവരുന്ന അന്തർജ്ജനങ്ങൾ കെടാവിളക്കിലെ എണ്ണ കൊണ്ട് മഷി നോക്കി ലക്ഷണങ്ങൾ പറയുന്ന ഒരു ചടങ്ങു ഉണ്ടായിരുന്നു കാലക്രമത്തിൽ അത് നിന്നു പോയി.വലിയ സർപ്പബലിയൊക്കെ നടന്നിരുന്ന ക്ഷേത്രമാണ് വൃശ്ചികമാസം ഒന്നാ തീയതിയാണ് പാമ്പുമേക്കാട്ടിൽ ഏറെ പ്രധാന്യം. വാസുകി മേക്കാടിനൊപ്പം ഇല്ലത്ത് വന്നു ചേർന്നത് ഈ ദിവസമാണെന്ന് കരുതുന്നു. ഇല്ലത്ത് പുതിയൊരാൾ ക്ഷേത്ര ചുമതലയേല്ക്കുന്നതും ഈ ദിവസമാണ്. ആ ദിവസം ഇവിടെ കളമെഴുത്തുപാട്ടും നടത്തുന്നു. പാമ്പുമേക്കാട് ഒരു കുഞ്ഞ് പിറന്നാൾ അതിനെ നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീയിക്കും പാമ്പുമേക്കാട്ടു മനക്കാർക്കാണ് നാഗർകോവിൽ ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. നാഗരാജാവിന്റെ ശിരസ്സ് നാഗർകോവിലും ഉടല് മണ്ണാറാശാലയിലും വാല് പാമ്പുമേക്കാട് ആണെന്നും വിശ്വസിക്കുന്നു.

Related Articles

Latest Articles