Friday, March 29, 2024
spot_img

വിശ്വാസികൾ പോരാട്ടത്തിന് തന്നെ!!! പൊയിലൂർ മുത്തപ്പൻ മടപ്പുര ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെതിരെ പ്രതിഷേധാഗ്നി പടരുന്നു

പൊയിലൂർ: കണ്ണൂരിൽ പൊയിലൂർ മുത്തപ്പൻ മടപ്പുര ഭരണം (Karat Sree Muthappan Madappura) ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെതീരെ പ്രതിഷേധം ഉയരുന്നു. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരുടെ സംഘമാണ് ബലംപ്രയോഗിച്ച് ഇന്നലെ മടപ്പുര ഓഫീസിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തത്. ഭക്തജനങ്ങളുടെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് വന്‍ പോലീസ് സന്നാഹമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സി.ഓഫീസര്‍ അജിത് പറമ്പത്ത്, തലശ്ശേരി ഹെഡ് ക്ലര്‍ക്ക് ടി.എസ്.സുരേഷ് കുമാര്‍, വില്ലേജ് ഓഫിസര്‍ രജിഷ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് മടപ്പുരയിലെത്തിയത്.

അതേസമയം സംഭവത്തിൽ വിശ്വാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ ആറ് മണിയോടെ ഓഫീസിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് ഓഫീസ് മുറിയില്‍ കയറി ചുമതലയേൽക്കുകയായിരുന്നു. മടപ്പുരയുടെ അവകാശത്തെച്ചൊല്ലി ദേവസ്വം ബോര്‍ഡും സ്വകാര്യവ്യക്തികളും തമ്മില്‍ 2016 മുതൽ തര്‍ക്കം നടന്നിരുന്നു. ഹൈക്കോടതി വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഓഫീസ് ഏറ്റെടുത്തത്.

പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുരയെ 2020 നവംബര്‍ എട്ടിന് സര്‍ക്കാര്‍ പൊതു ക്ഷേത്രമായി പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന മടപ്പുരയുടെ ഭരണം പിടിച്ചെടുക്കാന്‍ സിപിഎം-പോലീസ് കൂട്ടുകെട്ടാണ് വഴിയൊരുക്കിയതെന്ന് ബിജെപി നേതാവ് വിപി സുരേന്ദ്രന്‍ മാസ്റ്റര്‍ ആരോപിച്ചു. ഇതിനെതിരെ വിശ്വാസികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും, നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles