Sunday, May 5, 2024
spot_img

ഇത് മഴവെള്ള സംഭരണിയോ? ചെളിക്കുളമായി പത്തനംതിട്ട നഗരസഭ ബസ്സ് സ്റ്റാൻഡ്; ദുരിതത്തിലായി യാത്രക്കാരും ബസ്സ് ജീവനക്കാരും; തിരിഞ്ഞുനോക്കാതെ അധികൃതർ

പത്തനംതിട്ട: അനുദിനം മാറി മാറി വരുന്ന കാലാവസ്ഥയിൽ മഴ ശക്തിയാർജ്ജിച്ചതോടെ ബസ് സ്റ്റാൻ്റിൽ ചെളിക്കുഴികളും രൂപപ്പെട്ടു.പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാൻഡിന്റെ അവസ്ഥ വീണ്ടും പരിതാപകരമായ സ്ഥിതിയിലാണ്. സംസ്ഥാനത്ത് മഴ ശക്തമായതോടെ മുൻപത്തെ വർഷത്തെപ്പോലെ തന്നെ ഈപ്രവശ്യവും പത്തനംതിട്ട ബസ് സ്റ്റാൻഡ് വാർത്തകളിൽ നിറയുകയാണ്.

പത്തനംതിട്ട നഗരസഭയുടെ മുനിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ്സുകൾ കൂടി എത്തിക്കഴിഞ്ഞാൽ കുളം കലങ്ങിയ അവസ്ഥയാണിപ്പോൾ. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇതിനൊരു പരിഹാരത്തിനായി മുറവിളി കൂട്ടാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ.

ബസ്സിൽ നിന്നു യാത്ര ചെയ്യുമ്പോൾ ബോട്ടിൽ യാത്ര ചെയ്യുന്ന പ്രതീതിയാണ്. വെള്ളം വകഞ്ഞു മാറ്റിയാണ് ബോട്ട് നീങ്ങുന്നതെങ്കിൽ ഇവിടെ ബസുകൾ വെള്ളക്കെട്ടിൽ ഇറങ്ങിക്കയറിയാണ് പോകുന്നതെന്നു മാത്രം. അത്രയ്ക്കും ശോചനീയമായ അവസ്ഥയാണ് പുതിയ ബസ് സ്റ്റാൻഡിന്റെ സ്ഥിതി.

ഒരു ഭാഗത്ത് കെഎസ്ആർടിസിയും രണ്ട് ഭാഗത്ത് സ്വകാര്യ ബസുകളുമാണ് പാർക്കു ചെയ്യുന്നത്. ഇതിൽ കെഎസ്ആർടിസിയുടെ ഭാഗമാണ് പൂർണമായും തകർന്ന് കുഴിയായി കിടക്കുന്നത്. ബസിന്റെ ടയറുകൾ പൂർണമായും മുങ്ങി ചവിട്ടുപടിയിൽ വരെ വെള്ളം കയറുന്നത്ര വലിയ കുഴികളാണു നിറയെ. സ്റ്റാൻഡ് പിടിക്കുന്ന ബസുകളിൽ കയറണമെങ്കിൽ ഈ കുഴികളിൽ ഇറങ്ങിക്കയറണം.

അതേസമയം ബസ് സ്റ്റാൻഡിൽ വേനൽക്കാലത്ത് ഭയങ്കര പൊടിശല്യവും എന്നാൽ ചെറിയൊരു മഴ പെയ്താല്‍ അടവി ഇക്കൊ ടൂറിസത്തിന്‍റെ പോലെ കുട്ട വഞ്ചി ഇറക്കണ്ട സ്ഥിതിയുമാണ്.

പണ്ട് പ്രെെവറ്റ് ബസ് സ്റ്റാന്‍ഡ് റിങ് റോഡ് പത്തനംതിട്ടയുടെ ഹൃദയ ഭാഗത്ത് നടുവില്‍ ആയിരുന്നു. എന്നാൽ ട്രാഫിക് ബ്ലോക്ക് കാരണം അതൊഴിവാക്കി റിങ്ങ് റോഡ് വശം തന്നെ വയൽ നികത്തിയ ചതുപ്പ് നിറഞ്ഞ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വണ്ടികള്‍ കയറിയിറങ്ങി വിത്ത് മുളക്കും പോലെ അടിസ്ഥാന ടാറിങ്ങും കോണ്‍ക്രീറ്റും മെറ്റലുകളും ഒക്കെ ചാഞ്ചാടിക്കിടക്കുകയാണ്.ഈ ദുരിതമെല്ലാം അനുഭവിക്കുന്നതോ പാവം യാത്രക്കാരും പിന്നെ ബസ് ജീവനക്കാരും.

നേരത്തെ പ്രളയം വന്നതുകാരണം ഇങ്ങനെയൊക്കെയായിപ്പോയി എന്നു സമാധാനിച്ചിരുന്ന പത്തനംതിട്ടക്കാർക്ക് ഇക്കൊല്ലവും അനുഭവം ഒന്നു തന്നെയാണ്. ശബരിമല ഉൾപ്പെടുന്ന ജില്ലയായതിനാൽ ശബരിമല സീസണ് മുൻപായി ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി വേഗത്തിൽ സ്റ്റാൻ്റിനുള്ളിൽ ടാറിട്ട് പ്രശ്നം പരിഹരിക്കും. പിറ്റേന്ന് തന്നെ ടാർ ഇളകി വീണ്ടും വലിയ കുഴികൾ രൂപപ്പെടുന്നതും നിത്യ സംഭവമാണ്.

ബസിൽ നിന്ന് ഇറങ്ങുമ്പോഴത്തെ സ്ഥിതിയും ദുരിതം തന്നെ. അതിനാൽ ചില ഡ്രൈവർമാർ സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് ബസ് നിർത്തി യാത്രക്കാരെ ഇറക്കും. സ്വകാര്യ ബസുകളുടെ ഭാഗത്തെ സ്ഥിതിയും മറിച്ചല്ല. ഓപ്പൺ സ്റ്റേജിന്റെ ഭാഗം കുളം പോലെയാണ്. നഗരസഭയുടെ ബസ് സ്റ്റാൻഡാണിത്. ഇത്രയേറെ ശോചനീയാവസ്ഥയിലായിട്ടും കുഴി നികത്താൻ പോലും നടപടിയില്ല. ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാൻഡെന്ന പരിഗണന പോലുമില്ല.

Related Articles

Latest Articles