Saturday, April 27, 2024
spot_img

“ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നത് മഹാകൊള്ളക്കാരൻ !ആ കൊള്ളക്കാരന്റെ ബി ടീമായി വി ഡി സതീശനും” – സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്

സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങൾക്കെതിരെ തുറന്നടിച്ച് പി സി ജോർജ്. മഹാകൊള്ളക്കാരനാണ് ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നതെന്നും ആ കൊള്ളക്കാരന്റെ ബി ടീമാണ് വി ഡി സതീശനെന്നും പരിഹസിച്ച അദ്ദേഹം ഇപ്പോൾ കേരളത്തിൽ ആകെ ഒരു പ്രതിപക്ഷമേയുള്ളൂവെന്നും​ അത് ഗവർണറാണെന്നും ചൂണ്ടിക്കാട്ടി.

“കേരളത്തിലെ എൽഡിഎഫും യുഡിഎഫും കണക്കാണ്. ഇവിടെ മനുഷ്യന് ജീവിക്കണമെങ്കിൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയാണ്. മഹാകൊള്ളക്കാരൻ ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നു. ആ കൊള്ളക്കാരന്റെ ബി ടീമായി വി ഡി സതീശനും. വ്യക്തിപരമായി സതീശനെ ഇഷ്ടമാണ്. എന്നാൽ രാഷ്ട്രീയമായി നോക്കുമ്പോൾ വലിയ കുഴപ്പമാണ്. ഇപ്പോൾ കേരളത്തിൽ ആകെ ഒരു പ്രതിപക്ഷമേയുള്ളൂ,​ അത് നമ്മുടെ ഗവർണറാണ്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആദ്യം എതി‌ർത്തത് ഞാനാണ്. പത്തുമുന്നൂറ് പൊലീസുകാരും കുറേ പെണ്ണുങ്ങളും,​ ഇപ്പുറത്ത് ഞാൻ ഒറ്റയ്ക്ക്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ആയിരക്കണക്കിന് അയ്യപ്പൻമാർ എന്റെയൊപ്പം കൂടി. അന്ന് ആദ്യമായി സഹായത്തിനെത്തിയത് കെ സുരേന്ദ്രനാണ്. അന്ന് മുതലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് മത്സരിക്കുമോയെന്നത് അറിയില്ല. മത്സരിക്കണമെന്ന നിർബന്ധബുദ്ധിയുമായല്ല നിൽക്കുന്നത്. ബിജെപി നേതൃത്വം എന്ത് പറയുന്നുവോ അത് കേൾക്കും”- പി സി ജോർജ് പറഞ്ഞു.

പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിലെത്തുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. പി സി ജോർജിനൊപ്പം മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താനായി ദില്ലിയിലെത്തുകയും ചെയ്തു. പ്രകാശ് ജാവദേക്കറും, കേന്ദ്രമന്ത്രി വി മുരളീധരനും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.

Related Articles

Latest Articles