Thursday, May 23, 2024
spot_img

മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. തിരുവനന്തപുരം പോലീസ് ആണ് ചോദ്യം ചെയ്യുക. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. കെ.ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെതിരെ പോലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വപ്ന സുരേഷും, പി സി ജോർജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിൽ എന്നാണ് കെ ടി ജലീൽ നൽകിയ പരാതിയിലുള്ളത്.

കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. പ്രത്യേക അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത്. മുഖ്യമന്ത്രി കറൻസിയും, ബിരിയാണി ചെമ്പിൽ ലോഹവും കടത്തിയെന്നായിരുന്നു സ്വപ്ന പോലീസിന് നൽകിയ മൊഴിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു ജലീൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യലിനായി എത്തിയിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ പോലീസിന് മുന്നിൽ ഹാജരാകാൻ ഇപ്പോൾ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്.

Related Articles

Latest Articles