Thursday, May 9, 2024
spot_img

’56 എന്ന പെൻഷൻ പ്രായപരിധി 58 ആകണം’;ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി : ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായപരിധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്
ഹൈക്കോടതിയിൽ ഹർജി.ഇക്കാര്യത്തിൽ സർക്കാരിന്‍റെ അഭിപ്രായവും കോടതി തേടി.ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റീസ് അനു ശിവരാമന്‍റെ ബെഞ്ച് ഡിസംബർ ആറിന് പരിഗണിക്കും.

56 എന്ന പെൻഷൻ പ്രായം 58 ആകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തന്നെ കഴിഞ്ഞ മാസം സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജ‍ഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെത്തുടർന്നായിരുന്നു ഇത്.

അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ നിയമന രീതിയും പെൻഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. ഇത് നയപരമായ തീരുമാനമെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. നിലവിലെ പെൻഷൻ രീതി തുടരാം. എന്നാൽ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം പരിമതിപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഈ ജീവനക്കാരെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദം കോടതി അംഗീകരിച്ചു. നിയമനങ്ങൾ പി.എസ്.സിയുമായി ചേർന്ന് നടത്തണമെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തളളിയത്.

Related Articles

Latest Articles