Friday, May 17, 2024
spot_img

ചെന്നിത്തലയ്ക്ക് എതിരെ ക്ഷുഭിതനായി പിണറായി വിജയന്‍

കാസര്‍കോട്-ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കപടഹിന്ദുവെന്ന് വിളിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുളള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും വെച്ച് തന്നിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവിനോട് പിണറായി വിജയന്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവ് ആ സ്ഥാനത്തിന് യോജിച്ച പദമാണോ ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.പ്രതിപക്ഷത്തെ പരാജയ ഭീതി പിടികൂടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഖത്തീബ് നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശങ്കര്‍ റേയെ മുകളില്‍ നിന്ന് കെട്ടിഇറക്കിയതല്ല. ഇവിടെ പഠിപ്പിച്ച് നടന്ന ആളാണ്. ഹെഡ് മാസ്റ്ററായി ഇരുന്നിട്ടുളള ആളാണ്. ഇവിടത്തെ ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നതെന്ന് യുഡിഎഫിനും ബിജെപിക്കും നന്നായി അറിയാം.ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. തെരഞ്ഞെടുപ്പ് ദിവസം നിങ്ങള്‍ ഇതിന് മറുപടി നല്‍കിയാല്‍ മതിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Latest Articles