Saturday, May 4, 2024
spot_img

പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും; പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിൾ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

‘പരീക്ഷാ നടത്തിപ്പിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട, ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല’, എന്നും മന്ത്രി പറഞ്ഞു.

എന്നാൽ സ്കൂളുകൾ തുറക്കുന്നത് തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല, ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ള മറ്റ് വകുപ്പുകളുടെയും നിർദേശങ്ങൾ പരിഗണിച്ചു കൊണ്ടാകും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനം എടുക്കുക എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആവശ്യമായ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എല്ലാം പഴുതുകൾ അടച്ചുള്ള ഒരുക്കങ്ങളാണ്. നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും.
വൈകിട്ട് 3 മണിക്കാണ് യോഗം നടക്കുക. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കാര്യമായി കുറയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.തീയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളില്‍ തുടരുകയും ചെയ്യുന്നു. രോഗവ്യാപനം പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. സംസ്ഥാത്ത് ഇപ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇന്നലെ 23,260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 131 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles