ധര്‍: ബലാകോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുകയും നാശം വിതയ്ക്കുകയും ചെയ്തുവെന്ന് വിശ്വസിക്കാന്‍ രാജ്യത്തുള്ള കുറച്ചുപേര്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുകയും ബിന്‍ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ദിഗ്‌വിജയ് സിങ്ങിന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രി രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. ‘ദശകങ്ങളോളം നമ്മുടെ രാജ്യം ഭരിച്ചവരാണ് ഇന്ന് നമ്മുടെ സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ച്‌ മദ്ധ്യപ്രദേശില്‍ നിന്നുള്ള നേതാവ്. അദ്ദേഹം ഇന്ന് പറഞ്ഞു പുല്‍വാമ ഭീകരാക്രമണം അപകടമായിരുന്നുവെന്ന്. ശരിക്കും അത് അപകടമായിരുന്നോ? ഇതാണ് അവരുടെ മനോഭാവമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദിയില്‍ നടത്തിയ ട്വീറ്റുകള്‍ക്കിടെയാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് ദിഗ്‌വിജയ് സിംഗ് വിശേഷിപ്പിച്ചത്. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ട്. എന്നാല്‍ ബാലകോട്ടിലെ വ്യോമാക്രമണത്തെപ്പറ്റി ചില സംശയങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഈ ട്വീറ്റുകള്‍ക്കിടെയാണ് ഭീകരാക്രമണത്തെ പുല്‍വാമ അപകടം എന്ന് വിശേഷിപ്പിച്ചത്.