Thursday, April 25, 2024
spot_img

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം മാർച്ച് 30 ന് ഭോപ്പാലിൽ; രാജ്യസുരക്ഷ സംബന്ധിച്ച ആശയവിനിമയങ്ങൾക്കായി സൈനിക ഉദ്യോഗസ്ഥർക്കൊപ്പം നരേന്ദ്രമോദി ചെലവിടുക ആറിലധികം മണിക്കൂറുകൾ

ദില്ലി: രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നിർണ്ണായക ചർച്ചകൾക്കായി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഈമാസം 30 ന് ഭോപ്പാലിലാണ് നിർണ്ണായക യോഗം നടക്കുക. ആറ് മണിക്കൂറോളം പ്രധാനമന്ത്രി സൈനിക ഉദ്യോഗസ്ഥർക്കൊപ്പമുണ്ടാകും എന്നാണ് സൂചന. സംയുക്ത കമാണ്ടർമാരുടെ യോഗം മാർച്ച് 30 മുതൽ ഏപ്രിൽ 01 വരെയാണ് നടക്കുക. പ്രതിരോധരംഗത്തെ പുതിയ ആശയങ്ങളെ പരിചയപ്പെടുത്തുന്ന പ്രദർശനം ഒന്നാം തീയതി നടക്കും. അതിലും പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകും. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡേ, നാവികസേനാ മേധാവി ചീഫ് അഡ്‌മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ മാർഷൽ വി ആർ ചൗധരി തുടങ്ങിയവർ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും.

സ്വകാര്യ സ്ഥാപനങ്ങളും സേനാംഗങ്ങളും വികസിപ്പിച്ച പ്രതിരോധ സാങ്കേതിക വിദ്യകളും പ്രതിരോധ ഉൽപ്പന്നങ്ങളുടെയും പ്രദർശനം പ്രധാനമന്ത്രിക്ക് മുന്നിൽ നടക്കും. നാവികസേനയാണ് പ്രദർശനത്തിന്റെ സംഘാടകരെങ്കിലും മൂന്നു സേനാവിഭാഗങ്ങളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും സഹായിക്കുന്ന സാങ്കേതിക വിദ്യയുടെയും ഉൽപ്പന്നങ്ങളുടെയും പ്രദർശനമാകും നടക്കുക. സംയുകത സേനാ മേധാവി, മൂന്നു സേനാ മേധാവികളെയും സമ്മേളനത്തിൽ അഭിസംബോധന ചെയ്യും. സേനാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സമ്മേളനത്തിൽ പങ്കെടുക്കും. മാർച്ച് 31 നാണ് പ്രതിരോധമന്ത്രി എത്തുന്നത്.

Related Articles

Latest Articles